വിശ്രമ കേന്ദ്രത്തിലെ ഗ്രാനൈറ്റ് പാളികൾ അപ്രത്യക്ഷമായി

വിളപ്പിൽ :ശാസ്താംപാറയിലുള്ള വിശ്രമ കേന്ദ്രത്തിലെ ഗ്രാനൈറ്റ് പാളികൾ സാമൂഹിക വിരുദ്ധർ ഇളക്കി മാറ്റിയ നിലയിൽ. വിളപ്പിൽ പഞ്ചായത്ത് കരുവിലാഞ്ചി വാർഡിൽ നിലകൊള്ളുന്ന ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രമായ ശാസ്താംപാറയിലുള്ള വിശ്രമ കേന്ദ്രത്തിലെ ഗ്രാനൈറ്റ് പാളികളാണ് അപ്രത്യക്ഷമായത്. വർഷങ്ങൾക്ക് മുൻപ് വിനോദ സഞ്ചാര വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് നിരപ്പായ പാറയുടെ മുകളിൽ സഞ്ചാരികൾക്ക് വിശ്രമിക്കാൻ രണ്ട് മണ്ഡപങ്ങൾ പണിതത്. ഇതിന്റെ തറയിലും പടിക്കെട്ടിലും പാകിയ ഗ്രാനൈറ്റ് ആണ് പാളികളായി ഇളക്കി എടുത്തു കൊണ്ടു പോയത്. പ്രഭാത സവാരിക്ക് എത്തിയവരാണു സംഭവം ആദ്യം കണ്ടത്. ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലന്നു ആരോപണമുണ്ട്.  കനത്ത ചൂടിൽ നിന്നും അൽപം ആശ്വാസം തേടി കാറ്റ് നുകർന്ന് പ്രകൃതി ഭംഗി ആസ്വദിക്കാൻ ദിവസവും ഒട്ടേറെ പേർ ഇവിടെ എത്തുന്നുണ്ട്.