കാണാതായ വെള്ളി അങ്കി കരിയിലകൾക്കടിയിൽ

വെഞ്ഞാറമൂട് : വേളാവൂരിൽ നിന്നും കാണാതായ വെള്ളി  അങ്കി പൊന്തക്കാട്ടിൽ കരിയിലകൾ കൊണ്ടു മറച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട്, വേളാവൂർ സ്വദേശികളായ നാലുപേർ പൊലീസ് പിടിയിലായതായി സൂചന. വേളാവൂർ ക്ഷേത്രം ഉത്സവം കഴിഞ്ഞ് ആളുമാന്നൂർ മഠത്തിൽ  സൂക്ഷിച്ചിരുന്ന മൂന്ന് കിലോഗ്രാം വരുന്ന വെള്ളി നിർമിത അങ്കി 20ന് ഉച്ചകഴിഞ്ഞു കാണാതാകുകയായിരുന്നു. അങ്കി കാണാതായ സംഭവത്തിൽ സംശയിക്കപ്പെടാവുന്ന തരത്തിൽ  ഒരു ബൈക്കിലെത്തിയ മൂന്നു പേരുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു.

തുടർന്ന് മൊബൈൽ ടവർ കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. വെള്ളി രാത്രി വേങ്കമല ഉത്സവത്തോടനുബന്ധിച്ചു ഉത്സവ പറമ്പിനു സമീപം ലഹരിയിൽ  ബഹളം വച്ച ഒരു യുവാവിനെ പൊലീസ് പിടികൂടിയിരുന്നു.ഇയാളെ ചോദ്യം ചെയ്തപ്പോൾ അങ്കി മോഷണവുമായി ബന്ധപ്പെട്ട സൂചന പൊലീസിനു ലഭിച്ചതായാണ് വിവരം.
പൊലീസ് നടത്തിയ തിരച്ചിലിൽ അങ്കി ആളുമാനൂർ മഠത്തിന്റെ കുറച്ചു അകലെയായുള്ള പുരയിടത്തിൽ കവുങ്ങ് ഓലകൊണ്ടും കരിയിലകൊണ്ടും മറച്ച നിലയിൽ പൊലീസ് കണ്ടെത്തുകയായിരുന്നു. നൂറ്റാണ്ടുകൾ  പഴക്കമുള്ള വെള്ളി കൊണ്ടു നിർമിച്ച ദേവീ രൂപമാണ് അങ്കി. തടി കൊണ്ടു നിർമിച്ച മഠത്തിന്റെ പിൻഭാഗം പൊളിച്ചു അകത്തു കടന്നാണ് കവർച്ച.
വേളാവൂർ ക്ഷേത്രം, വൈദ്യൻകാവ് ക്ഷേത്രം എന്നിവിടങ്ങളിലെ ഉത്സവങ്ങൾക്കായാണ് അങ്കി പുറത്തെടുക്കുന്നത്.  വേളാവൂർ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞു തിരികെയെത്തിച്ചിരുന്നു. മഠത്തിൽ ആൾ താമസമില്ല. എല്ലാ ദിവസവും രാവിലെയും വൈകിട്ടും മഠത്തിൽ വിളക്കു തെളിക്കും. സംഭവദിവസം വൈകിട്ട് വിളക്കു തെളിക്കാൻ എത്തിയവരാണ് മഠം കുത്തിപ്പൊളിച്ച നിലയിൽ കണ്ടത്.