‘ആദ്യം ഉള്ളത് നന്നാക്കൂ, എന്നിട്ട് മതി പുതിയ സിഗ്നൽ’: ആറ്റിങ്ങലിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കുന്നത് നാട്ടുകാർ തടഞ്ഞു

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ദേശീയപാത വികസനത്തിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കുന്നത് നാട്ടുകാർ തടഞ്ഞത്. ആറ്റിങ്ങൽ കിഴക്കേനാലുമുക്കിൽ റോഡരികിൽ ഗതാഗത തടസം സൃഷ്ടിക്കുന്ന തരത്തിൽ സ്ഥാപിക്കാൻ ഒരുങ്ങിയ ട്രാഫിക് ലൈറ്റാണ് നാട്ടുകാർ തടഞ്ഞത്. ദേശീയ പാത വികസനത്തെ ബാധിക്കുന്ന തരത്തിലാണ് സിഗ്നൽ ലൈറ്റ് സ്ഥാപിക്കാൻ ഒരുങ്ങിയതെന്നു നാട്ടുകാർ പറയുന്നു. നിലവിൽ പൂവൻപാറ മുതൽ മൂന്നുമുക്ക് വരെ നാലുവരിപ്പാതയാക്കി മാറ്റാൻ ഒരുങ്ങുമ്പോഴാണ് സിഗ്നൽ ലൈറ്റുമായി എത്തിയത്. മാത്രമല്ല റോഡ് വീതി കൂട്ടുമ്പോൾ സിഗ്നൽ ലൈറ്റ് പൊളിച്ചു മാറ്റേണ്ടി വരുമെന്നും നാട്ടുകാർ പറയുന്നു. ആദ്യം കച്ചേരി ജംഗ്ഷനിലും മറ്റുമുള്ള സിഗ്നൽ പ്രവർത്തിപ്പിക്കാൻ നോക്ക് എന്നായിരുന്നു നാട്ടുകാരുടെ വാദം. ആറ്റിങ്ങലിന്റെ വിവിധ പ്രദേശങ്ങളിൽ രാത്രി കാലങ്ങളിൽ സ്ട്രീറ്റ് ലൈറ്റ് പോലും കത്തുന്നില്ലെന്നും, അതിനിടയിലാണ് റോഡ് പണി നടത്തുന്നതിന് മുൻപ് സിഗ്നൽ ലൈറ്റ് സ്ഥാപിക്കാൻ മെനക്കെടുന്നതെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. റോഡ് വീതി കൂട്ടുന്നത് പോലും ഇതുവരെയും അന്തിമമായില്ലെന്നും അവർ സൂചിപ്പിച്ചു.


ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി സത്യൻ സ്ഥലത്തെത്തി കാര്യം മനസ്സിലാക്കി ഉന്നത അധികാരികളെ ബന്ധപ്പെട്ട് വിഷയം ധരിപ്പിച്ചു തുടർന്ന് നിർമ്മാണം താത്കാലികമായി നിർത്തിവെച്ചു. എന്നാൽ നാട്ടുകാർ ചേർന്ന് സിഗ്നൽ ലൈറ്റ് സ്ഥാപിക്കാൻ എടുത്ത കുഴി മൂടിച്ചു. ദേശീയപാത വികസനത്തിനെതിരെ പലതരത്തിലുള്ള ആരോപണങ്ങളാണ് നാട്ടുകാർ പറയുന്നത്.