പുകപ്പുര തീപ്പുരയായി, ഫയർ ഫോഴ്സ് രക്ഷിച്ചു

വെഞ്ഞാറമൂട്: പുകപ്പുരയ്ക്ക് തീപിടിച്ച് റബർഷീറ്റുകൾ കത്തിനശിച്ചു. കുറിഞ്ചിലക്കാട് ജമീലാ മൻസിലിൽ മുഹമ്മദ് റാഫിയുടെ പുകപ്പുരയ്ക്കാണ് തീപിടിച്ചത് . ഇന്ന് ഉച്ചയ്ക്ക് 1.30 നായിരുന്നു സംഭവം. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുടമ വിവരം വെഞ്ഞാറമൂട് ഫയർഫോഴ്സിൽ അറിയിക്കുകയായിരുന്നു.പുകപ്പുരയും ഇതിനുള്ളിലുണ്ടായിരുന്ന റബർഷീറ്റുകളും പൂർണമായും കത്തിനശിച്ചു. മുഹമ്മദ് റാഫിയുടെ പഴയ വീടിനോട് ചേർന്നുള്ള ഒരു മുറിയിലാണ് പുകപ്പുര പ്രവർത്തിച്ചിരുന്നത്. തീ കൂടുതൽ വ്യാപിക്കാതെ വെഞ്ഞാറമൂട് ഫയർഫോഴ്സെത്തി കെടുത്തി.

വെഞ്ഞാറമൂട് ഫയർഫോഴ്സ് യൂണിറ്റിലെ അസി. സ്റ്റേഷൻ ഓഫീസർ പി.ആർ.അനിൽകുമാർ, ലീഡിങ് ഫയർമാൻ രാജേന്ദ്രൻ നായർ, ഫയർമാൻമാരായ അനീഷ് കുമാർ, അനിൽ രാജ്, ഗോപാലകൃഷ്ണൻ നായർ, സനൽകുമാർ, ശരത് എന്നിവർ നേതൃത്വം നൽകി.