വീട്ടിൽക്കയറി മാല മോഷണം, നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ

കാട്ടാക്കട: വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചെടുത്തതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കള്ളിക്കാട് നാൽപ്പറക്കുഴി സ്വർണക്കോട് ഷാജി ഭവനിൽ തോക്ക് ഷാജി എന്ന ഷാജിയെ(39) യാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്.

വിവിധ പോലീസ് സ്റ്റേഷനുകളിലായി പത്തോളം കേസുകളിലെ പ്രതിയാണ് ഷാജിയെന്ന് പോലീസ് പറഞ്ഞു. ഗുണ്ടാനിയമപ്രകാരം നടപടി നേരിട്ടിട്ടുള്ള ഇയാൾ ജയിലിൽനിന്ന്‌ ഇറങ്ങിയശേഷവും ക്രിമിനൽ പ്രവർത്തനങ്ങൾ തുടരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കൂടുതൽ അന്വേഷണങ്ങൾക്കായി നെയ്യാർഡാം പോലീസിനു കൈമാറി.