മെയിൻ റോഡിൽ മരം ഒടിഞ്ഞു വീണു, അപകടം ഒഴിവായത് ഇങ്ങനെ…

നെടുങ്ങണ്ട : നെടുങ്ങണ്ട ഒന്നാം പാലം പമ്പു ഹൗസിനടുത്ത് വർക്കല – കടയ്ക്കാവൂർ മെയിൻ റോഡിന് കുറുകേ അക്കേഷ്യമരം വീണ് ഗതാഗതം സ്തംഭിച്ചു. രാവിലെ പത്ത് മണിയോടെ ആയിരുന്നു സംഭവം. ഗതാഗത തിരക്കേറിയ റോഡ് ആണെങ്കിലും ഇൗ സമയം വാഹനങ്ങൾ വരാതിരുന്നതിനാൽ അപകടം ഉണ്ടായില്ല. സമീപത്തുള്ള വീടുകൾക്കും കേടുപാടുകളും സംഭവിച്ചില്ല . കടയ്ക്കാവൂരിൽ നിന്ന് ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥരും അഞ്ചുതെങ്ങ് പൊലീസും സ്ഥലത്തെത്തി കരുതൽ നടപടികൾ സ്വീകരിച്ചു. വർക്കല ഫയർ സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ ഡിജേഷ്, അസി. സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലെത്തിയ ഫയർ യൂണിറ്റ് പുറത്തും നിന്നുള്ള ജോലിക്കാരുടെ സഹകരണത്തോടെ ഉച്ച കഴിഞ്ഞ് ഒരുമണിയോടെ മരം മുറിച്ച് മാറ്റി ഗതാഗതം പുനരാരംഭിച്ചു.