വർക്കലയിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ 19-കാരൻ അറസ്റ്റിൽ

വർക്കല: എട്ടാം ക്ലാസ് വിദ്യാർഥിനിയെ ഫോൺ വഴി സൗഹൃദം സ്ഥാപിച്ചശേഷം പീഡനത്തിനിരയാക്കിയ 19-കാരൻ അറസ്റ്റിൽ. ചാക്ക ഐ.ടി.ഐ.യിലെ വിദ്യാർഥിയായ വർക്കല ചെറുകുന്നം ചരുവിള വീട്ടിൽ ബാലുവാണ് പിടിയിലായത്. പെൺകുട്ടിയിൽനിന്ന് അഞ്ചുപവന്റെ ആഭരണവും ബാലു കൈക്കലാക്കി. പ്രതി ചാക്ക ഐ.ടി.ഐ.യിലെ വിദ്യാർഥിയാണ്.

വർക്കല സ്വദേശിയായ പെൺകുട്ടിയുമായി അടുത്തശേഷം കുട്ടിയുടെ വീട്ടിൽെവച്ചാണ് പീഡിപ്പിച്ചത്. നന്നായി പഠിച്ചിരുന്ന വിദ്യാർഥിനിയുടെ സ്വഭാവമാറ്റം ശ്രദ്ധയിൽപ്പെട്ട അധ്യാപകർ കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ കൗൺസിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. ബാലുവിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ എട്ടോളം യുവതികളുമായി അടുപ്പം സ്ഥാപിച്ചിരുന്നതായി കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു.

ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആദ്യം പൂജപ്പുര പോലീസും പിന്നീട് വർക്കല പോലീസും അന്വേഷണം നടത്തി. വ്യാഴാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വർക്കല എസ്.എച്ച്.ഒ. ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. ശ്യാംജി, എ.എസ്.ഐ. സുദർശനൻ, എസ്.സി.പി.ഒ. ഇർഷാദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം പോക്‌സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.