മോഷണ ബൈക്കിൽ കറങ്ങി മോഷണം :രണ്ടു പേർ അറസ്റ്റിൽ

ആര്യനാട്:ആര്യനാട്ട് വാഹനമോഷ്ടാക്കൾ അറസ്റ്റിൽ. തെന്നൂർ നരിക്കൽ പ്രവീൺ ഭവനിൽ പ്രവീൺ(23), വെഞ്ഞാറമൂട് വേങ്കമല മുത്തിക്കാവിൽ വടക്കതിൽ വീട്ടിൽ അഭിലാഷ്(32) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി കുളപ്പടയിൽ ആര്യനാട് പോലീസ് നടത്തിയ വാഹനപരിശോധനയിൽ അമിതവേഗതയിൽ പാഞ്ഞ ബൈക്കിനെ പോലീസ് പിടികൂടുകയായിരുന്നു.

കല്ലമ്പലത്തുനിന്നും മോഷ്ടിച്ച ബൈക്കിലാണ് കറക്കം. മോഷണം നടത്താനായി കരുതിയിരുന്ന ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.

പ്രവീൺ പാലോട്, അടൂർ, ആര്യനാട് എന്നീ സ്റ്റേഷൻ പരിധിയിൽ നിന്ന്‌ കാറുകളും വിതുര, നെടുമങ്ങാട്, കല്ലമ്പലം ഭാഗങ്ങളിൽ നിന്നും ബൈക്കുകളും നെയ്യാറ്റിൻകര സ്റ്റേഷൻ പരിധിയിൽ നിന്നും വീട് കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങളും മോഷ്ടിച്ച കേസിലും പ്രതിയാണ്.

ആര്യനാട് ഇൻസ്പെക്ടർ അജയ് നാഥിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ അബ്ദുൾ അസീസ്, നിസാറുദ്ദീൻ, എ.എസ്.ഐ. ബാബുരാജ്, സി.പി.ഒ. മാരായ നിസാമുദിൻ, സുരേഷ്, ബിജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.