ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നടവഴി അടച്ചു !?

ആറ്റിങ്ങൽ : ദിവസവും നൂറുകണക്കിന് സർവീസുകൾ നടത്തുന്ന ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാറ്റാൻഡിലേക്ക് ആയിരക്കണക്കിന് യാത്രക്കാരാണ് ദിനംപ്രതി എത്തുന്നത്. എന്നാൽ ഈ ബസ് സ്റ്റാൻഡിലേക്ക് വരുന്ന കാൽനടയാത്രക്കാരുടെ വഴിയടച്ചുകൊണ്ട് ഒരു കട പ്രവർത്തിക്കുകയാണ്. മുൻപ് കാലങ്ങളിൽ സ്റ്റാൻഡിലേക്ക് വന്നവർക്ക് ഓർമ കാണും, പൊലീസ് എയ്ഡ് പോസ്റ്റിനും ഒരു ബങ്ക് കടയ്ക്കും ഇടയിൽ ഉണ്ടായിരുന്ന ഒരു നടവഴി. എന്നാൽ ആ നടപ്പാത അപ്രത്യക്ഷമായത് എത്ര പേരുടെ ശ്രദ്ധയിൽപെട്ടു?

ബങ്ക് കടയ്ക്ക് പകരം ഇന്നവിടെ കാണുന്നത് ഒരു വലിയ കടയാണ്. മാത്രമല്ല ആ വലിയ കട ബസ് സ്റ്റാൻഡിലേക്കുള്ള നടപ്പാതയും കവർന്നുകൊണ്ടാണ് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് ഒരു ബങ്ക് കടയ്ക്കായി നഗരസഭ നൽകിയ അനുമതി മറയാക്കിയാണ് ഉടമ കാൽനടയാത്രക്കാരുടെയും വഴി അടച്ചു കൊണ്ട് ഇപ്പോൾ വൻ കട പ്രവർത്തിപ്പിക്കുന്നത്.

സുരക്ഷിതമായ ചെറിയ വഴി അടഞ്ഞതോടെ കാൽനടയാത്രക്കാർക്ക് റോഡിലൂടെ അല്ലാതെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് വരാനും പോകാനും കഴിയില്ല. നിയന്ത്രണം തെറ്റി വരുന്ന ഇരുചക്ര വാഹനങ്ങളുടെയും മറ്റു വാഹനങ്ങളുടെയും അടിയിൽപെടാനും ഇത് കാരണമാകുന്നു. കാൽനടയാത്രക്കാരുടെ വഴി അപ്രത്യക്ഷമായത് മൂലം അവർ റോഡിലൂടെ സ്റ്റാൻഡിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നത് കഴിഞ്ഞ കുറെ നാളുകളായി തുടരുന്നു.

റോഡിലൂടെ സ്റ്റാൻഡിലേക്ക് വരുന്നവർ കൊല്ലം ഭാഗത്തേക്കുള്ള ബസ് വളഞ്ഞ് ഇറങ്ങുന്നത് കണ്ട് ഒഴിഞ്ഞുനിൽക്കാൻ ശ്രമിക്കുമ്പോൾ സമീപത്തുള്ള ഗർത്തത്തിൽ അകപ്പെടുകയും വാഹനങ്ങൾ വന്ന് ഇടിക്കുകയും ചെയ്യും. മാത്രമല്ല റോഡിലൂടെ നടന്നു പോകുന്നത് കാരണം അലക്ഷ്യമായി വരുന്ന ഇരുചക്രവാഹനങ്ങൾ പലപ്പോഴും കാൽനടയാത്രക്കാരെ അപകടത്തിൽ പെടുത്താറുണ്ട്. ഇത്രത്തോളം അപകടങ്ങൾ നടന്നിട്ടും എന്തുകൊണ്ടാണ് ഈ അനധികൃത കയ്യേറ്റം അധികൃതരുടെ ശ്രദ്ധയിൽപെട്ടില്ല എന്നതാണ് നാട്ടുകാരുടെ ചോദ്യം. അതല്ല അധികൃതർ കണ്ടിട്ടും കാണാതെ നടിക്കാനുള്ള പാരിതോഷികം ഉടമ നൽകുന്നുണ്ടോ എന്നും ജനങ്ങൾക്ക് സംശയമുണ്ട്. ഇതൊരു ചെറിയ കൈയേറ്റമായി ചിലർക്ക് തോന്നിയേക്കാം. എന്നാൽ വലിയ അപകടങ്ങൾക്ക് ഈ ചെറിയ കയ്യേറ്റം തന്നെ ധാരാളമാണ് എന്നും ഓർക്കണം.