ആറ്റിങ്ങലിൽ ആക്രമണ കേസിലെ പ്രതി കഞ്ചാവുമായി പിടിയിൽ

ആറ്റിങ്ങൽ :ആറ്റിങ്ങലിൽ ആക്രമണ കേസിലെ പ്രതി കഞ്ചാവുമായി പിടിയിൽ. ചിറയിൻകീഴ് ശാർക്കര തെക്കേക്കര തുരുത്ത് ലക്ഷം വീട് കോളനിയിൽ അനിയുടെ മകൻ കൊച്ചജിത്ത് എന്ന് വിളിക്കുന്ന അജിത്ത്( 23) ആണ് അറസ്റ്റിലായത്.

ഏപ്രിൽ ആറിന് പുലർച്ചെ 12അരയ്ക്ക് കോരാണി ഭാഗത്ത് വെച്ച് കാർ യാത്രക്കാരായ പള്ളിപ്പുറം വില്ലേജിൽ കുഴിവിള വീട്ടിൽ മുഹമ്മദ് ഇഖ്ബാൽ, മകൻ മുഹമ്മദ് ഇർഷാദ് എന്നിവരെ തടഞ്ഞുനിർത്തി ദേഹോപദ്രവം ഏൽപ്പിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികളിൽ പ്രധാനിയാണ് ഇയാൾ.

വിളയിൽ മൂല ജംഗ്ഷനുസമീപം കഞ്ചാവ് വിൽപന നടക്കുന്നതായി ആറ്റിങ്ങൽ ഡി.വൈ.എസ്.പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഐ.എസ്.എച്ച്.ഒ സിബിച്ചൻ ജോസഫ്, എസ്.ഐമാരായ ശ്യാം, ബാലകൃഷ്ണൻ ആശാരി, എസ്.സി.പി.ഒ മാരായ മഹേഷ്, ഷിനോദ്, സി.പി.ഒമാരായ ബാലു, അനീഷ്, ബിനു, ശ്യാം, ഷമീർ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശം 20 ഗ്രാം കഞ്ചാവ് വില്പനയ്ക്കായി കൊണ്ടുവന്നതായി പറയുകയാൽ ഇരു കേസുകളിലും ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.