കഠിനംകുളം : കഠിനംകുളം പഞ്ചായത്തിലെ വയലിക്കട ഭാഗത്ത് തെങ്ങുകൾ നട്ട് പാടം നികത്തുന്നതു വ്യാപകമാകുന്നു. പതിനഞ്ചോളം പാടമുടമകൾ ഇങ്ങനെ നിലം നികത്തുന്നതു മാസങ്ങളായി തുടരുന്നു. ചെളി രണ്ടു മൂന്നടി ഉയരത്തിൽ കോരിയിട്ട് പണകളാക്കി മരച്ചീനി നടുകയാണ് ആദ്യം. മരച്ചീനിക്കൃഷിക്കാണെന്നു തോന്നിപ്പിക്കും. പിന്നാലെ തെങ്ങിൻ തൈകൾ നടുന്നു.

പലപ്പോഴും വലിയ തൈകളാണ് നടുക. വർഷങ്ങൾ പ്രായമുള്ള ഇളം തെങ്ങുകളാണ് ഈയിടെ ഒരു പാടത്തു നട്ടത്. അവ ഇപ്പോൾ നട്ടതല്ലെന്നും വർഷങ്ങൾക്കു മുമ്പേയുള്ളതാണെന്നും തെറ്റിദ്ധരിപ്പിക്കാനാണിത്. തണ്ണീർത്തടം പദ്ധതി പ്രവർത്തകരും കർഷകരുമായ അബ്ദുൽ ലത്തീഫും സുന്ദരേശനും ഇതേപ്പറ്റി കഠിനംകുളത്തെ കൃഷി ഓഫീസർക്കും വില്ലേജ് ഓഫീസർക്കും പരാതി കൊടുത്തിട്ടുണ്ട്. പാടത്ത് ദീർഘകാലവിളകൾ നടുന്നത് നിയമവിരുദ്ധമായതിനാൽ അതു മാറ്റണമെന്ന് കൃഷി ഓഫീസർ പാടമുടമയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയം നടപടിക്കായി വില്ലേജ് ഓഫീസർക്ക് റിപ്പോർട്ട് ചെയ്യുകയുമുണ്ടായി. കഴിഞ്ഞ കൊല്ലം പാടംനികത്തി നട്ട തെങ്ങിൻതൈകൾ അധികാരികൾ ഇടപെട്ട് പിഴുതുമാറ്റിച്ചിരുന്നു. ഇപ്പോൾ വീണ്ടും പാടത്ത് തെങ്ങ് നടുന്നു.

തിരഞ്ഞെടുപ്പു കാലമായതിനാൽ ഉദ്യോഗസ്ഥർ വന്നുനോക്കില്ലെന്നാണ് നികത്തുന്നവർ പ്രതീക്ഷിക്കുന്നത്. വർഷങ്ങൾക്കുമുമ്പ് നെൽക്കൃഷി ചെയ്തിരുന്നതാണ് ഈ സ്ഥലത്തെ പാടങ്ങൾ. പിന്നീട് നെല്ലിനുപകരം മരച്ചീനിയായി. ഇതിനടുത്ത് ഏലായിൽ ഭാഗത്ത് ഇപ്പോഴും കുറച്ചു പാടങ്ങളിൽ നെൽക്കൃഷിയുണ്ട്.