അമ്മയെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

അരുവിക്കര : അമ്മയെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തു. കരകുളം മുദിശാസ്താംകോട് കാവടിത്തലയ്ക്കൽ ഇടപ്പറമ്പിൽ വീട്ടിൽ രാഹുലിനെയും (23) അമ്മ പുഷ്പയെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഇവരുടെ ബന്ധുവായ കരകുളം പുള്ളിക്കോണം ചെക്കക്കോണം കീഴേവിള പുത്തൻവീട്ടിൽ ഷാജിയാണ് (47) അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെ വലിയമ്മയുടെ വീട്ടിൽ പോയി ബൈക്കിൽ മടങ്ങി വരികയായിരുന്ന രാഹുലിനെയും പുഷ്പയെയും ഷാജി വീടിന് മുന്നിൽവച്ച് ബൈക്ക് തടഞ്ഞുനിറുത്തി വെട്ടുകയായിരുന്നു.

ഇവർ പേരൂർക്കട ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. വസ്തു സംബന്ധിച്ച തർക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. അരുവിക്കര സി.ഐ അനിൽകുമാർ, എസ്.ഐ മണികണ്ഠൻ നായർ, സീനിയർ സി.പി.ഒമാരായ വിധുകുമാർ, പത്മരാജ്, ഷാജിത്ത്, സി.പി.ഒ ഷംനാദ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.