പോലീസുകാരൻ വില്ലനായി, നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.. സംഭവം ഇങ്ങനെ…

മാറനല്ലൂർ: പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയ പൊലീസുകാരനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.  പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയെന്ന പരാതിയിൽ റൂറൽ എ ആർ ക്യാമ്പിലെ പൊലീസുകാരനായ മാറനല്ലൂർ അരുമാളൂർ കണ്ടല  എള്ളുവിള വീട്ടിൽ നവാദ് റാസ ( 32) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാത്രിയോടെ കാട്ടാക്കടയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങവേ റോഡിൽ വെച്ച്  മദ്യപിച്ചെത്തിയ നവാദ് പെൺകുട്ടിയെ കടന്നു പിടിച്ച് ഉപദ്രവിക്കുകയും മാല പൊട്ടിച്ചെടുക്കുകയും ചെയ്തത്രെ. പെൺകുട്ടിയുടെ നിലവിളികേട്ട് ഓടി കൂടിയ നാട്ടുകാർ ഇയാളെ പിടികൂടുകയും പൊലീസിന് കൈമാറുകയുമായിരുന്നു.

രാത്രിയോടെ സ്റ്റേഷനിൽ നിന്നും വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ച പ്രതി  പൊലീസുകാരനായ ജോസിനെ തട്ടി മറിച്ചിട്ടു ഓടി രക്ഷപ്പെടാൻ നടത്തിയ ശ്രമം മറ്റു ഉദ്യോഗസ്ഥർ ചേർന്ന് തടയുകയും ഇയാളെ പരിശോധനയ്ക്കു ശേഷം സ്റ്റേഷനിൽ എത്തിച്ചു സെല്ലിൽ അടച്ചിടുകയും ചെയ്തത്രെ. സെല്ലിൽ ഇയാൾ  സ്വയം തലയിടിച്ചു പരിക്കേൽപ്പിച്ചു അക്രമാസക്തനാവുകയും ചെയ്തെന്ന് പറയുന്നു. ജോസിന് സാരമായി പരിക്കേറ്റിട്ടുണ്ട്.

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, പിടിച്ചുപറി, കുട്ടികൾക്ക് നേരെയുള്ള അതിക്രമം എന്നീ  വകുപ്പുകൾ പ്രകാരം നവാദിനെതിരെ കേസ് ചാർജ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കിയാതായി കാട്ടാക്കട പൊലീസ് ഇൻസ്‌പെക്ടർ  സുനിൽകുമാർ അറിയിച്ചു.