ഇവിടെ വയലും കുന്നും നികത്തുന്നു ..

വിളവൂർക്കൽ : പൊതു തെരഞ്ഞെടുപ്പു വേളയില്‍ റവന്യൂ ഉദ്യോഗസ്‌ഥരുടെ അസാന്നിധ്യം മറയാക്കി വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ വയല്‍ നികത്തലും കുന്നിടിച്ചു നിരത്തലും വ്യാപകമാകുന്നു. തിരഞ്ഞെടുപ്പ്‌ ഫണ്ട്‌ നല്‍കിയും രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളെ സ്വാധീനിച്ചും നടക്കുന്ന മണ്ണു കച്ചവടത്തില്‍ അധികൃതരുടെ മൗനാനുവാദം ഏറെയാണ്‌.
ഏക്കറുകണക്കിന്‌ കൃഷിയിടങ്ങളും ഇതിനോട്‌ ചേര്‍ന്നുള്ള നീര്‍ച്ചാലുകളും നികത്തിക്കഴിഞ്ഞു. നീര്‍ച്ചാലുകള്‍ നികത്തപ്പെട്ടതിനാല്‍ സമീപ വീടുകളിലെ കിണറുകളില്‍ വെള്ളം വറ്റി. രാത്രിയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പൊലീസിന്റെ ഒത്താശ ഉള്ളതായി ആരോപണമുണ്ട്‌. തുച്‌ഛമായ വിലയ്‌ക്ക് വാങ്ങുന്ന വയലുകള്‍ മണ്ണിട്ടു നികത്തി പ്ലോട്ടുകളായി തിരിച്ച്‌ മറിച്ചു വില്‍ക്കുന്ന ഭൂമാഫിയ സംഘങ്ങളുടെ സ്വാധീനം ഭരണതലത്തിലും ശക്‌തമാണ്‌.