ജാഗ്രതൈ -ഇത് അപകടം വിതയ്ക്കുന്ന കൊടും വളവ് !

വെള്ളനാട് :വെള്ളനാട്– ചെറ്റച്ചൽ റോഡിൽ ചേരപ്പള്ളി കൊടും വളവിൽ അപകടം തുടർക്കഥയാകുന്നു. നവീകരണത്തിന് ശേഷം നടന്നത് ചെറുതും വലുതുമായ നിരവധി അപകടങ്ങൾ. കഴിഞ്ഞ ഞായർ രാവിലെ കാറും ബൈക്കും കൂട്ടിയിടിച്ച് കീഴ്പാലൂർ സ്വദേശികളായ രണ്ടുപേർക്കു പരുക്കേറ്റു. പറണ്ടോട് നിന്നും ആര്യനാട്ടേക്ക് വന്ന ബൈക്കും എതിർദിശയിൽ എത്തിയ കാറുമാണ് അപകടത്തിൽപ്പെട്ടത്. സമീപത്തെ വീടിന്റെ മതിലിലും ചെറിയ നാശമുണ്ടായി.

സ്പെഷൽ പാക്കേജ് പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളനാട് –ചെറ്റച്ചൽ റോഡ് നവീകരിച്ചതോടെ വളവിൽ അപകടങ്ങളും പെരുകിയത്. അമിത വേഗത ആണ് മിക്കപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നത്. റോഡിന്റെ ജോലികൾ ആരംഭിക്കുന്നതിന് മുന്നോടിയായി വിളിച്ച സർവകക്ഷിയോഗത്തിൽ വളവ് നിവർത്തുന്നതിന് വേണ്ടിയുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് അറിയിച്ചെങ്കിലും തുടർന്ന് ഒന്നുമുണ്ടായില്ലെന്നും നാട്ടുകാർ പറഞ്ഞു.