കൊലപാതക ശ്രമക്കേസിലെ പ്രതികൾ 8 വർഷത്തിന് ശേഷം പിടിയിൽ, സംഭവം വർക്കലയിൽ..

വർക്കല : കൊലപാതക ശ്രമക്കേസിലെ പ്രതികൾ 8 വർഷത്തിന് ശേഷം പിടിയിലായി. വർക്കല 2011 മെയ് എട്ടാം തീയതി വെളുപ്പിന് 3.15 മണിക്ക് വർക്കല ഇടവ പ്രസ്സ്മുക്ക് കളിയിൽ പടിപ്പുര വീട്ടിൽ ബിഷ് ലോവ് എന്നയാളെ ഇടവ പ്രസ്സ്മുക്കിന് സമീപമുള്ള റോഡിൽ വച്ച് തലയിലും വലത് കാലിലും കൈയ്യിലും മുതുകത്തും വാൾ വച്ച് വെട്ടിയും ഇടത് കൈയ്യും ഇടത് കാലും ഇരുമ്പ് കമ്പിക്ക് അടിച്ച് എല്ലിന് പൊട്ടൽ ഉണ്ടാകുകയും നെഞ്ചത്ത് കഠാര ഉപയോഗിച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെയാണ് 8 വർഷങ്ങൾക്കു ശേഷം പോലീസ് പിടികൂടിയത്. ഇടവ സ്വദേശികളായ ഷെഹീൻ, ഷഹസീൻ അമീൻ, മനാഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

2011 ലെ സംഭവത്തിന് ശേഷം വർക്കല പോലീസിന് പിടി നൽകാതെ ഒളിവിൽ പോയ പ്രതികൾ വിദേശത്തേക്ക് കടക്കുകയായിരുന്നു. 9 പ്രതികളുള്ള ഈ കേസിൽ ആകെ 2 പ്രതികളെ മാത്രമെ അക്കാലത്ത് പോലീസ് പിടികൂടിയിരുന്നുള്ളു. വിദേശത്തായിരുന്ന പ്രതികൾ നാട്ടിൽ എത്തിയിട്ടുണ്ട് എന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് പ്രതികളെ പിടികൂടിയത്.

വർക്കല ഇൻസ്പെക്ടർ ഗോപകുമാർ എസ്.ഐ ശ്യാംജി, സി.പി.ഒ മാരായ സതീശൻ, കിരൺ, ജയ് മുരുകൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളുടെ ആക്രമണത്തിൽ പരിക്കേറ്റ ബിഷ് ലോവ് ഒരു വർഷം കഴിഞ്ഞപ്പോൾ മരണപ്പെട്ടിരുന്നു. വർക്കല പോലീസ് ആദ്യം അന്വേഷിച്ച കേസ് പിന്നീട് അറ്റിങ്ങൾ ഡിവൈഎസ്പി പുനരാന്വോഷണം നടത്തുകയുണ്ടായി. പരിക്കേറ്റ ബിഷ് ലോവിന്റെ കഴുത്തിൽ കിടന്ന മൂന്നര പവൻ മാലയും, സ്വർണ്ണ മോതിരം, മൊബൈൽ ഫോൺ എന്നിവ പ്രതികൾ കവർന്ന് എടുത്തിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.