ചിറയിൻകീഴ് സ്വദേശിയായ അനീഷ് രവിക്ക് സംസ്ഥാന ടെലിവിഷൻ അവാർഡ്

ചിറയിൻകീഴ് : ചിറയിൻകീഴ് എന്ന് കേൾക്കുമ്പോൾ തന്നെ അറിയാം കലാകാരന്മാരുടെ നാടാണ്. അഭിനയ ചക്രവർത്തി പ്രേം നസീറും ഭരത് ഗോപിയും എല്ലാം ചിറയിൻകീഴിന്റെ പേരിനെ വാനോളം ഉയർത്തി. എന്നാൽ എക്കാലവും ചിറയിൻകീഴിൽ കലാകാരന്മാർ തുടരുന്നുണ്ട് അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് ചിറയിൻകീഴ് മഞ്ചാടിമൂട് സ്വദേശിയായ അനീഷ് രവി.

അളിയൻ vs അളിയൻ എന്ന അമൃത ചാനലിലെ പരമ്പരയിൽ അനീഷ് രവി അഭിനയിക്കുന്ന കനകൻ എന്ന കഥാപാത്രത്തിന് അനീഷിനെ തേടി സംസ്ഥാന അവാർഡ് എത്തി. കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് 2018 അഭിനയമികവിനുള്ള പ്രത്യേക ജ്യൂറി അവാർഡ് ആണ് ലഭിച്ചത്.

അളിയൻ vs അളിയൻ സീരിയൽ രംഗം

സ്കൂൾതലം മുതലേ കലാരംഗത്തു സജീവമായ അനീഷ് രവിയുടെ വീട് ശാർക്കര ദേവി ക്ഷേത്രത്തിന് സമീപമാണ്. കുട്ടിക്കാലം മുതലേ നാടൻ ആകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

അനീഷ് രവി ആദ്യം ഒരു ചെറിയ വേഷം അഭിനയിച്ചത് ബലിക്കാക്കകൾ എന്ന ഹ്രസ്വ ചിത്രത്തിൽ ആയിരുന്നു. . തുടർന്ന് ദൂരദർശനിൽ സംപ്രേഷണം ചെയ്ത ‘മോഹനം’ എന്ന സീരിയലിലും പിന്നീട് ‘ശ്രീ നാരായണഗുരു’എന്ന സീരിയലിൽ ഗുരുവിന്റെ വേഷം അഭിനയിച്ചതിന് സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. തുടർന്ന് മെഗാ സീരിയലായ ‘മിന്നുകെട്ട്’, തമിഴിൽ ‘മേഘല’, ‘ശാന്തി നിലയം’, അതിന് ശേഷം ജനങ്ങൾ കൂടുതലായി ഏറ്റെടുത്ത ‘കാര്യം നിസ്സാരം’  തുടർന്ന് ‘മൂന്ന് പെണ്ണുങ്ങൾ’. അത് കഴിഞ്ഞ് ഇപ്പോൾ അവാർഡിന് അർഹനാക്കിയ രാജേഷ് തലച്ചിറ സംവിധാനം ചെയ്യുന്ന ‘അളിയൻ Vs അളിയൻ’ എന്ന സീരിയൽ.

അളിയൻ vs അളിയൻ സീരിയൽ രംഗം

സീരിയൽ കൂടാതെ സിനിമകളിലും അനീഷ് രവി അഭിനയിച്ചിട്ടുണ്ട്. മാത്രമല്ല അദ്ദേഹം നല്ലൊരു അവതാരകൻ കൂടിയാണ്. ശബ്ദം കൊണ്ട് വളരെ വേറിട്ടു നിൽക്കുന്ന അദ്ദേഹത്തെ ജനങ്ങൾ എളുപ്പത്തിൽ തിരിച്ചറിയും.

അനീഷ് രവിയുടെ ഭാര്യ ജയലക്ഷ്മി. പി.എസ്.സിയിൽ ജോലി ചെയ്യുന്നു. അദ്വൈത്, അദ്വിക് മക്കൾ.