ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ ഓട മാലിന്യത്തിൽ മുങ്ങി..

ആറ്റിങ്ങൽ : ദിവസവും ആയിരക്കണക്കിന് യാത്രക്കാർ എത്തുന്ന ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ ഓട മാലിന്യത്തിൽ മുങ്ങി. നഗരസഭ ആസ്ഥാനത്തിന് എതിർവശമുള്ള ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിൻറെ അവസ്ഥയാണിത്. കൊച്ചുകുട്ടികളും വയോധികരും പലതരത്തിലുള്ള രോഗമുള്ളവരും എത്തുന്ന ആറ്റിങ്ങൽ ബസ്റ്റാൻഡിൽ ഓടയിൽ പെരുകിയ കൊതുകുകൾ കൂടുതൽ രോഗം പടർത്താൻ സാധ്യതയുണ്ട്. ബസ് സ്റ്റാൻഡിലെ ശൗചാലയത്തിന് സമീപമുള്ള ഓടയുടെ അവസ്ഥയാണ് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നത്. പ്ലാസ്റ്റിക് മാലിന്യവും മറ്റു കണ്ടാൽ അറയ്ക്കുന്നതും ദുർഗന്ധം വമിക്കുന്നതുമായ മാലിന്യമാണ് ഇവിടെ ഉള്ളത്. മഴക്കാലം അടുക്കുന്നതോടെ മാലിന്യത്തിന്റെയും രോഗങ്ങളുടെയും അളവ് കൂടാൻ സാധ്യതയുണ്ട്. ബന്ധപ്പെട്ട അധികാരികൾ അടിയന്തിരമായി ഇടപെട്ട് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.