പണം മുൻകൂറായി വാങ്ങി പണി ചെയ്തില്ല : ചോദ്യം ചെയ്ത ഉടമയെ കൊലപ്പെടുത്താൻ ശ്രമിച്ച മേസ്‌തിരി അറസ്റ്റിൽ

പാലോട്: മൂന്നുലക്ഷം രൂപ കൈപ്പറ്റിയ ശേഷം വീടുപണി നടത്താതെ മുങ്ങിയത് ചോദ്യം ചെയ്‌ത ഉടമയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കരാറുകാരനായ മേസ്‌തിരി അറസ്റ്റിൽ. ഇടവം കോളച്ചൽ മീതു ഭവനിൽ എൽ. ക്ലമന്റാണ് (50) അറസ്റ്റിലായത്.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്;

കോളച്ചൽ നാല് സെന്റ് കോളനിയിലെ താമസക്കാരനായ എം. സുലൈമാൻപിള്ളയ്ക്ക് സർക്കാരിൽ നിന്ന് മണ്ണും വീടും പദ്ധതി പ്രകാരം അനുവദിച്ച നാല് ലക്ഷം രൂപയുടെ ആദ്യഗഡുക്കൾ കൈപ്പറ്റിയ ശേഷം ക്ലമന്റ് വീടുപണിയാതെ മുങ്ങി. യഥാസമയം നിർമ്മാണം നടത്താത്തതിനാൽ ബാക്കി തുക ലാപ്‌സായതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ കസേരയിൽ ഇരിക്കുകയായിരുന്ന സുലൈമാൻപിള്ളയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചവിട്ടി നിലത്തിടുകയുമായിരുന്നു. വീഴ്‌ചയിൽ ഇയാളുടെ വാരിയെല്ല് പൊട്ടി. ഒളിവിൽപ്പോയ പ്രതിയെ പാലോട് സി.ഐ ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്‌തത്. എസ്.ഐമാരായ രാധാകൃഷ്ണൻ, മധുപൻ, ഭുവനചന്ദ്രൻ, എ.എസ്.ഐ ഇർഷാദ്, സി.പി.ഒ സജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.