കാത്തിരിപ്പ് അവസാനത്തിലേക്ക് : ചെല്ലഞ്ചിപ്പാലം യാഥാർഥ്യത്തിലേക്ക്

പാലോട്: പാലത്തിനു വേണ്ടിയുള്ള ഒരു ജനതയുടെ കാത്തിരിപ്പിന് അവസാനമാകുന്നു. നാടിന്റെ സ്വപ്നസാഫല്യമായി ചെല്ലഞ്ചിപ്പാലം യാഥാർഥ്യത്തിലേക്ക്. ജൂലൈയോടു കൂടി പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഹിൽ ടൂറിസത്തെയും തീരദേശ ടൂറിസത്തെയും അതിവേഗം ബന്ധിപ്പിക്കുന്ന ജില്ലയിലെ പ്രധാന പാലമാകും ഇത്. വാമനപുരം നദിക്ക് കുറുകെ കല്ലറ, നന്ദിയോട്  പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് ചെല്ലഞ്ചിയിൽ പാലം ഉയരുന്നത്.
നന്ദിയോട്, പനവൂർ, കല്ലറ, പുല്ലമ്പാറ പഞ്ചായത്തുകളുടെ സംഗമകേന്ദ്രമാണ് ചെല്ലഞ്ചിക്കടവ്. പാലം തുറന്നു നൽകുന്നതോടെ വാമനപുരം മണ്ഡലത്തിന്റെ കിഴക്കൻ പ്രദേശങ്ങളുടെ മുഖച്ഛായ മാറും. വർക്കല – പൊന്മുടി ടൂറിസ്റ്റ് കേന്ദ്രങ്ങളെ എളുപ്പത്തിൽ ബന്ധിപ്പിക്കാനാകുന്ന വഴിയായി ഇത് മാറും. 2010 ൽ  ചെല്ലഞ്ചി പാലത്തിന്റെ ശിലാസ്ഥാപനം. നബാർഡിന്റെ സഹകരണത്തോടെ പാലം നിർമിക്കുന്നതിന് വേണ്ടി 11 കോടിയാണ് ആദ്യഘട്ടത്തിൽ അനുവദിച്ചത്. കൺസ്ട്രക്ഷൻ കോർപറേഷനായിരുന്നു നിർമാണച്ചുമതല. ദ്രുതഗതിയിൽ നടന്നുവന്ന പാലത്തിന്റെ നിർമാണം മന്ദഗതിയിലായത് ഇഴഞ്ഞു നീങ്ങിയത്.  നിർമാണം പല ഘട്ടങ്ങളിലും മുടങ്ങി.
തുടർന്ന് പുനർ ടെൻഡർ നടത്തി എസ്റ്റിമേറ്റിന്റെ 68 ശതമാനം ഉയർന്നനിരക്കിൽ 12 കോടി രൂപയ്ക്കാണ്  പുതിയ കരാറുകാരനെ പണി ഏൽപ്പിച്ചത്. പഴയ കരാറുകാരന് നൽകിയ തുകയുൾപ്പെടെ 14.85 കോടി രൂപ പാലത്തിനായി ചെലവിട്ടു. അതിവേഗം നിർമാണ പ്രവർത്തനങ്ങൾ നടക്കവേ അപ്രതീക്ഷിതമായി നബാർഡ് ഫണ്ടിങ്ങിൽ നിന്ന് കാലുമാറി. ഇത് നിർമാണത്തെ ബാധിച്ചെങ്കിലും ഡി കെ മുരളി എംഎൽഎയുടെ അക്ഷീണ പരിശ്രമത്തിന്റെ ഭാഗമായി പാലത്തിന്റെ നിർമാണം സർക്കാർ ഏറ്റെടുക്കുകയായിരുന്നു.
നിർമാണം അന്തിമഘട്ടത്തിൽ:
നാല് സ്പാനുകളിലായി 37.62 മീറ്റർ നീളത്തിലും 11.23 മീറ്റർ വീതിയിലും രണ്ട് അബാർട്ട്മെന്റ‌്, മൂന്ന് പില്ലറുകൾ, ഫെൽഫൗണ്ടേഷൻ, പാലത്തിന്റെ ഒരു കരയിൽ 700 മീറ്റർ അപ്രോച്ച് റോഡ്, മറുകരയിൽ 300 മീറ്റർ അപ്രോച്ച് റോഡ് എന്നിവയാണുള്ളത്. പാലത്തിന്റെ മുകൾഭാഗത്തുള്ള വെയറിങ് കോട്ട്, പെയിന്റിങ്, അപ്രോച്ച് റോഡുകളിൽ പുല്ലുവച്ചുപിടിപ്പിക്കൽ എന്നീ പ്രവർത്തനങ്ങൾ  മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ.