കല്ലമ്പലം കേന്ദ്രീകരിച്ച്‌ പൊതുശ്‌മശാനം വേണമെന്ന് ആവശ്യം

കല്ലമ്പലം: വര്‍ക്കല, ചിറയിന്‍കീഴ്‌ താലൂക്കുകളുടെ അതിര്‍ത്തിഭാഗങ്ങളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന കല്ലമ്പലം മേഖല കേന്ദ്രീകരിച്ച്‌ ഒരു പൊതുശ്‌മശാനം വേണമെന്ന ആവശ്യം രണ്ടു പതിറ്റാണ്ടിലേറെയായി അധികൃതരുടെ കാരുണ്യത്തിനായി കാത്തുകിടക്കുയാണ്‌.
ഒറ്റൂര്‍, മണമ്പൂര്‍, നാവായിക്കുളം, കരവാരം, ചെമ്മരുതി പഞ്ചായത്തുകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന കല്ലമ്പലം മേഖലയില്‍ ശ്‌മശാനത്തിനായുള്ള നടപടിക്രമങ്ങള്‍ക്ക്‌ പഞ്ചായത്ത്‌ കമ്മിറ്റികളില്‍ നടത്തുന്ന കണ്ടഷോഭങ്ങള്‍ പ്രാദേശിക തെരഞ്ഞെടുപ്പിനുള്ള പ്രകസനങ്ങളായി മാത്രം ചുരുങ്ങുകയാണ്‌ കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകാലമായി. ഒറ്റൂര്‍ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഞെക്കാട്‌ പ്രൈമറി ഹെല്‍ത്ത്‌ സെന്ററിന്‌ സമീപം കാടുകയറി കിടക്കുന്ന നാലേക്കര്‍ ഭൂമിയില്‍ ശ്‌മശാനം സ്‌ഥാപിക്കണമെന്നുള്ള നിര്‍ദ്ദേശം ആദ്യം പരിഗണിച്ചെങ്കിലും ചര്‍ച്ചകള്‍ കഴിഞ്ഞതോടെ സ്‌ഥാപിത താല്‍പര്യക്കാരുടെ കൈകടത്തല്‍ മൂലം പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു.
ഇതിനെ തുടര്‍ന്നുണ്ടായ ജനരോഷത്തെ മറികടക്കാന്‍ വൃദ്ധസദനമായും വ്യവസായ സംരംഭമായും സ്‌ഥലത്തെ മാറ്റുമെന്ന്‌ പറഞ്ഞ്‌ ജനപ്രതിനിധികള്‍ തടിതപ്പി. കരവാരം, നാവായിക്കുളം, മണമ്പൂര്‍, ഒറ്റൂര്‍, ചെമ്മരുതി, പഞ്ചായത്തുകള്‍ക്കുപുറമെ രണ്ടു മണ്ഡലങ്ങളിലെയും ബഹുഭൂരിപക്ഷം പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക്‌ ശ്‌മശാനം എന്നത്‌ അനിവാര്യമായ അവസ്‌ഥയിലേയ്‌ക്ക് മാറിയിരിക്കുകയാണ്‌.
ഇരുന്നൂറോളം കോളനികള്‍ക്കു പുറമെ പരിമിതമായ സ്‌ഥലത്ത്‌ തിങ്ങിപ്പാര്‍ക്കുന്ന ജനനിബിഡമായ പ്രദേശനങ്ങള്‍ ധാരളമുള്ള മേഖലയില്‍ മൃതദേഹം കുഴിച്ചിടുന്നതിനും ദഹിപ്പിക്കുന്നതിനും ആരോഗ്യപരമായ കാരണങ്ങളാല്‍ എതിര്‍പ്പുകള്‍ ശക്‌തമായതോടെയാണ്‌ ശ്‌മശാനമെന്ന ആശയവുമായി പ്രദേശവാസികള്‍ സമരമുഖത്തേയ്‌ക്ക് നീങ്ങുന്നത്‌.
നിലവില്‍ തിരുവനന്തപുരത്തുള്ള രണ്ട്‌ ശ്‌മശാനങ്ങള്‍ മാത്രമാണ്‌ മേഖലയിലുള്ളവരുടെ ഏക ആശ്രയം.
ചില സന്ദര്‍ഭങ്ങളില്‍ ബുക്കിങ്ങിലൂടെ മാത്രം അവസരം നേടിയെടുക്കേണ്ടി വരുന്നതിനാല്‍ ദിവസം മുഴുവന്‍ മൃതദേഹം സൂക്ഷിക്കേണ്ട അവസ്‌ഥ കോളനിവാസികള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതിനു പുറമെയാണ്‌ ബുക്കിങ്ങിനായി ജനപ്രതിനിധികളുടെ കുറിപ്പ്‌ നേടാന്‍ പരേതന്റെ ബന്ധുക്കളുടെ നെട്ടോട്ടവും.