ജീവൻ പണയംവെച്ച് കല്ലാറിൽ മുങ്ങിത്താഴ്ന്ന അച്ഛനെയും മകനെയും പ്ലസ് ടു വിദ്യാർത്ഥി രക്ഷപ്പെടുത്തി

വിതുര: കല്ലാർ വട്ടക്കയത്തിൽ മുങ്ങിത്താഴ്ന്ന അച്ഛനെയും മകനെയും ജീവൻപണയം വച്ച് രക്ഷപ്പെടുത്തിയ കല്ലാർ സ്വദേശിയും പ്ലസ്ടു വിദ്യാർത്ഥിയുമായ സിദ്ധാർത്ഥിനെ (17) ആദരിച്ചു. കല്ലാർ റസിഡന്റ്സ് അസോസിയേഷന്റെയും കല്ലാർ റിവർക്കൗണ്ടി റിസോർട്ടിന്റെയും നേതൃത്വത്തിലാണ് ആദരിച്ചത്. പെരിങ്ങമ്മല ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ സിദ്ധാർത്ഥ് സി.പി.എം നേതാവും മുൻ കല്ലാർ വാർഡ് മെമ്പറുമായ പരേതനായ ചന്ദ്രൻനായരുടെ മകൾ പ്രീതയുടെയും സനൽകുമാറിന്റെയും മകനാണ്. വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി സിദ്ധാർത്ഥിന് ഉപഹാരം നൽകി.റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കല്ലാർ ശ്രീകണ്ഠൻനായർ, സെക്രട്ടറി സി.ആർ.അശോകൻ, റിവർകൗണ്ടി മാനേജിംഗ് ഡയറക്ടർ അരുൺനായർ, കല്ലാർ വാർഡ് മെമ്പർ ബി. മുരളീധരൻനായർ, കേരളകൗമുദി കല്ലാർ ഏജന്റ് മംഗലക്കരിക്കകം മോഹനൻ, സി.പി.എെ കല്ലാർ ബ്രാഞ്ച് സെക്രട്ടറി രവീന്ദ്രൻപിള്ള, കല്ലാർ സുരേന്ദ്രൻനായർ എന്നിവർ പങ്കെടുത്തു.കഴിഞ്ഞ ഏപ്രിൽ 27നാണ് സംഭവം നടന്നത്. പൊൻമുടി സന്ദർശിക്കാനെത്തിയ സംഘത്തിലെ പത്തനംതിട്ട എ.ആർ ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡർ സുരേഷ്ബാബു, മകൻ നിരജ്ഞൻ (14) എന്നിവരെയാണ് സിദ്ധാർത്ഥ് സാഹസികമായി രക്ഷപ്പെടുത്തിയത്. മകനെ രക്ഷപ്പടുത്താൻ ഇറങ്ങവേയാണ് സുരേഷ്ബാബു അപകടത്തിൽപ്പെട്ടത്. ഈസമയം സമീപത്തെ കടവിൽ കുളിക്കുകയായിരുന്ന സിദ്ധാർത്ഥ് സംഘത്തിലെ മറ്റുള്ളവരുടെ നിലവിളി കേട്ടാണ് അപകടസ്ഥലത്തെത്തുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന നിരഞ്ജനെ വിതുര ഗവ. താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയിലും എത്തിച്ചു. പിറ്റേ ദിവസമാണ് നിരഞ്ജൻ അപകടനില തരണം ചെയ്തത്. സാധാരണ കല്ലാർ വട്ടക്കയത്തിൽ അകപ്പെട്ടാൽ മരണം ഉറപ്പാണ്.