കെഎസ്ആര്‍ടിസി ബസില്‍ ബാഗ് മോഷണം : തമിഴ്നാട് സ്വദേശിയായ യുവതി അറസ്റ്റില്‍

വെഞ്ഞാറമൂട് : കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയുടെ സ്വര്‍ണാഭരണവും രേഖകളുമടങ്ങിയ ബാഗ് തട്ടിയെടുത്ത സംഭവത്തില്‍ തമിഴ്നാട് സ്വദേശിയായ യുവതി അറസ്റ്റില്‍. തൂത്തുക്കുടി അണ്ണാ നഗര്‍ സ്വദേശിയായ ശാന്തിയാ (32)ണ് അറസ്റ്റിലായത്. രാവിലെ 11.45ന് നെടുമങ്ങാട്ടുനിന്ന‌് വെഞ്ഞാറമൂട്ടിലേക്ക് വരികയായിരുന്ന ബസില്‍ നാഗരുകുഴിയില്‍ ആയിരുന്നു സംഭവം.

ബാഗ് കാണാതായതോടെ യുവതി ബഹളം വച്ചതിനെത്തുടര്‍ന്ന് ഡ്രൈവര്‍ ബസ് നിര്‍ത്തി‌. മറ്റു യാത്രക്കാര്‍ ചേര്‍ന്ന് സംശയം ഉള്ളവരെ പരിശോധിച്ചപ്പോള്‍ തമിഴ്നാട് സ്വദേശിയായ യുവതിയില്‍നിന്ന‌് ബാഗ് കണ്ടെത്തി. തുടർന്ന‌്, വെഞ്ഞാറമൂട് പൊലീസെത്തി യുവതിയെ കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. പേരുമല സ്വദേശിയായ യുവതിയില്‍നിന്നാണ് ബാഗ് തട്ടിയെടുത്തത്. അഞ്ചര ഗ്രാം തൂക്കംവരുന്ന സ്വര്‍ണമാലയും മറ്റു രേഖകളുമാണ്  ബാഗിലുണ്ടായിരുന്നത്.