ബുദ്ധിവൈകല്യമുള്ള 16 കാരിയെ പീഡിപ്പിച്ച 46 കാരൻ അറസ്റ്റിൽ.

പോത്തൻകോട്: ബുദ്ധിവൈകല്യമുള്ള 16കാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തു. നന്നാട്ടുകാവ് ഷാജി നിവാസിൽ നിന്നും പോത്തൻകോട് അരിയോട്ടുകോണം ചിറവിളാകത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഷാജഹാൻ (46 ) ആണ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് പെൺകുട്ടിയുടെ വീടിന് സമീപത്തെ കുളിമുറിയിൽ വെച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയായ കുട്ടിയെ പീഡിപ്പിച്ചത്. പീഡനശേഷം തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഇന്ന് രാവിലെ 8 ന് അരിയോട്ടുകോണത്ത് എത്തി എന്ന് പൊലീസിന് ലഭിച്ച വിവരത്തെ തുടർന്നാണ് അവിടെ നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നും പൊലീസ് പ്രതിയെ പിടികൂടുന്നത്. പോക്സോ നിയമം അനുസരിച്ചും ബലാത്‌സംഗത്തിനും കേസെടുത്തു.

അവിവാഹിതനായ പ്രതി ദീർഘകാലം ഗൾഫിൽ കഴിഞ്ഞിരുന്നയാളും ഇപ്പോൾ നാട്ടിൽ വൻ തോതിൽ പണം പലിശക്ക് കൊടുക്കുന്ന വ്യക്തിയുമാണ്. ഈ സംഭവത്തിന് പിന്നിൽ നിരവധിപേർക്ക് പങ്കുണ്ട് എന്ന ആരോപണവുമായി നാട്ടുകാരും ജനപ്രതിനിധികളും രംഗത്തുണ്ട്.കുറ്റവാളികളെയെല്ലാം നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുവാൻ പഴുതടച്ച അന്വേഷണം വേണമെന്നും പ്രത്യക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നുമാണ് അവരുടെ ആവശ്യം. കേസുമായി ബന്ധപ്പെട്ട് നിരവധിപേരെ ചോദ്യം ചെയ്തുവരുന്നതായി പോത്തൻകോട് സി.ഐ സി.ദേവരാജൻ പറഞ്ഞു.