ഇവിടെ വിവിധയിടങ്ങളിൽ പകലും തെരുവ് വിളക്കുകൾ പ്രകാശിക്കും !

ചിറയിൻകീഴ് നിയോജകമണ്ഡലത്തിന് കീഴിലെ ചിറയിൻകീഴ്, അഴൂർ, കിഴുവിലം പഞ്ചായത്തുകളിലെ വിവിധയിടങ്ങളിൽ പകലും തെരുവുവിളക്കുകൾ   പ്രകാശിക്കുന്നതായി പരാതി. ദിവസങ്ങളോളമായി രാവിലെയും രാത്രിയും ഒരുപോലെ ശാർക്കര, പുതുക്കരി, വലിയകട, മഞ്ചാടിമൂട്, അഴൂർ – മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക്, കിഴുവിലം തുടങ്ങിയ സ്ഥലങ്ങളിൽ തെരുവുവിളക്കുകൾ കത്തുന്നു.ശാർക്കര ജങ‌്ഷനിൽ നാലു ദിവസമായി തെരുവുവിളക്കുകൾ കത്തിക്കിടക്കുകയാണ്. ദിവസങ്ങളോളം തുടർച്ചയായി കത്തിക്കിടക്കുന്നതിനാൽ ചൂടേറ്റ് മിക്ക ബൾബുകളും പൊട്ടുന്നു. തെരുവുവിളക്കുകൾ കൃത്യമായി പ്രവർത്തിക്കാൻ കെഎസ്ഇബി സ്ഥാപിച്ച ടൈമറുകൾ പ്രവർത്തനരഹിതമാണ്. മാത്രമല്ല ടൈമറുകൾ നിലവാരം കുറഞ്ഞതാണെന്ന ആക്ഷേപവും ഉണ്ട്. നാട്ടുകാരും പഞ്ചായത്തംഗങ്ങളും നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലത്രെ. പഞ്ചായത്തിന് വലിയ തോതിലുള്ള ബില്ലാണ് എത്തുന്നത്. പണം അടയ്‌ക്കേണ്ടത് പഞ്ചായത്തും. അടിയന്തിരമായി പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം