ഈ നീന്തൽ കുളത്തിൽ പരിശീലനം മുടങ്ങുന്നതായി പരാതി

കരകുളം : ഒളിമ്പിക്‌സ് ഗ്രാമം എന്ന പേരില്‍ പ്രശസ്‌തിനേടിയ കരകുളം ഗ്രാമപഞ്ചായത്തിലെ നീന്തല്‍ക്കുളം മിക്കപ്പോഴും അടച്ചിടേണ്ടി വരുന്നു.
കുളത്തിലെ വെള്ളം ശുചീകരിക്കാനോ , മാറ്റാനോ സാധിക്കാത്തതിനാലാണ്‌ പലദിവസവും കുളം അടച്ചിടേണ്ടിവരുന്നത്‌. പകര്‍ച്ചവ്യാധി ഭീഷണിയുള്ളതിനാല്‍ നൂറുകണക്കിന്‌ കുട്ടികള്‍ നീന്തല്‍ പരിശീലനം നടത്തിയിരുന്ന ഇവിടെ നിലവിലുള്ളത്‌ പത്തില്‍ താഴെകുട്ടികള്‍ മാത്രം.
ഒന്നരപതിറ്റാണ്ടു മുന്‍പാണ്‌ കരകുളം നീന്തല്‍ക്കുളം നവീകരിച്ച്‌ കുട്ടികളുടെ നീന്തല്‍ പരിശീലനത്തിനായി തുറന്നു കൊടുത്തത്‌.
പിന്നീടങ്ങോട്ട്‌ ഗ്രാമപഞ്ചായത്ത്‌ ഫുട്‌ബോള്‍, നീന്തല്‍, ഹോക്കി എന്നിവയെല്ലാം കോര്‍ത്തിണക്കി ഒളിമ്പിക്‌സ്ഗ്രാമം എന്ന പേരില്‍ പ്രോജക്‌ട് തയ്യാറാക്കി പദ്ധതി വിജയകരമായി നടപ്പിലാക്കി. കുട്ടികള്‍ക്ക്‌ പ്രഭാതഭക്ഷണം, വിദഗ്‌ധരുടെ പരിശീലനം, മികച്ചമത്സരങ്ങള്‍ എന്നിവ കോര്‍ത്തിണക്കികൊണ്ടാണ്‌ ഒളിമ്പിക്‌സ് ഗ്രാമംപദ്ധതി നടപ്പാക്കിയത്‌. നൂറുകണക്കിന്‌ കുട്ടികളാണ്‌ ഒളിമ്പിക്‌സ് ഗ്രാമം വഴി മികച്ചപരിശീലനം നേടിയത്‌.
എന്നാല്‍ ഭരണസമിതികള്‍ മാറിയതോടെ ഒളിമ്പിക്‌സ് ഗ്രാമം വഴിപാടായിമാറി. നാലുവര്‍ഷം മുന്‍പ്‌ വേള്‍ഡ്‌ ബാങ്കിന്റെ ധനസഹായത്തോടെ 32 ലക്ഷം ചെലവിട്ട്‌ നീന്തല്‍ക്കുളം നവീകരിച്ചു. കുട്ടികളുടെ എണ്ണം ഗണ്യമായി കൂടി.
എന്നാല്‍ വിദഗ്‌ധ സമിതി പരിശോധിക്കാനെത്തിയപ്പോള്‍ വിദഗ്‌ധകരാറുകാരനു പകരം സാധാരണ കരാറുകാരനെ വച്ചാണ്‌ കുളം നവീകരിച്ചതെന്ന്‌ മനസിലായതോടെ പദ്ധതിയില്‍ നിന്നും വേള്‍ഡ്‌ ബാങ്ക്‌ പിന്‍മാറി.
തുടര്‍ന്നുള്ള ധനസഹായങ്ങളെല്ലാം നിര്‍ത്തിവച്ചു. കുളത്തിന്‌ അടിസ്‌ഥാന, ആധുനിക സൗകര്യങ്ങള്‍ ഇല്ലെന്ന ആക്ഷേപം മുന്‍നിര്‍ത്തിയാണ്‌ ഏജന്‍സി പിന്‍മാറിയത്‌. തൊട്ടടുത്ത വര്‍ഷം പരിശീലനം പൂര്‍ണമായും നിര്‍ത്തിവച്ചു.
ഈ വര്‍ഷം ഗ്രാമപഞ്ചായത്ത്‌ മുന്‍കൈയെടുത്ത്‌ നീന്തല്‍പരിശീലനം ആരംഭിച്ചെങ്കിലും നീന്താനെത്തുന്നത്‌ പത്തില്‍ താഴെകുട്ടികള്‍മാത്രം.
ഇവര്‍ നീന്തല്‍ പരിശീലനം നടത്തുന്നതാകട്ടെ വലിയകുളത്തിനോടനുബന്ധിച്ചുള്ള ചെറിയ കുളത്തിലാണ്‌.
വലിയകുളത്തിലെ പരിശീലനം തൊലിപ്പുറത്തുള്ള രോഗങ്ങളുണ്ടാക്കുമെന്ന്‌ രക്ഷിതാക്കള്‍ പറയുന്നു.