മോഷ്ടിച്ച സ്‌കൂട്ടറിൽ കറങ്ങി നടക്കുന്നതിനിടെ യുവാവ് പിടിയിലായി

കാട്ടാക്കട: കീഴാറൂർ, ആര്യൻകോട് മണ്ണാംകോണം ചിലവൂർ മേക്കുംകര പുത്തൻ വീട്ടിൽ റെജി (29)ആണ് പോലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രിയോടെ കാട്ടാക്കട പോലീസ് സ്റ്റേഷൻ പരിധിയിൽ സ്‌കൂട്ടറിൽ മദ്യപിച്ച് ഒരാൾ അശ്രദ്ധമായി ഓടിച്ചു വരുന്നു എന്ന് നാട്ടുകാർ പോലീസിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ എസ്.ഐ റ്റി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി ഇയാളെ പിടികൂടുകയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതിയുടെ സുഹൃത്തിന്റെ സ്‌കൂട്ടർ എന്ന് പറഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് നടന്ന പരിശോധനയിൽ ഇയാൾക്ക് നല്ലരീതിയിൽ വാഹനം ഓടിക്കാൻ അറിയില്ലെന്നും മദ്യപിച്ചിട്ടില്ലെന്നും കണ്ടെത്തി. തുടർന്ന് പോലീസ് സ്‌കൂട്ടറിന്റെ ഉടമയുടെ അഡ്രസ്സ് കണ്ടെത്തി വെള്ളറട പോലീസിനെ വിവരം അറിയിച്ചു. അമ്പൂരി സ്വാദേശി കെവിൻ മാത്യു വിന്റെ ഉടമസ്ഥതയിൽ ഉള്ള വാഹനമാണ് എന്നും കണ്ടെത്തി. കഴിഞ്ഞ 30 ന് വെള്ളറട അനന്തപുരം ഹോട്ടലിനു മുന്നിൽ പാർക്ക് ചെയ്‌ത ശേഷം ഹോട്ടലിൽ കയറുന്നതിനിടെ മോഷണം പോയതാണ് എന്നും ഇതുമായി ബന്ധപ്പെട്ടു വെള്ളറട പോലീസിൽ പരാതിയുള്ളതായി പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കും.