വാഗ്ദാനത്തിലൊതുങ്ങുന്ന ജംഗ്ഷൻ നവീകരണം !

വെള്ളനാട്: വെള്ളനാടിനെ മാതൃകാ ജംഗ്ഷനാക്കാനുള്ള നടപടികൾ വാഗ്ദാനത്തിലൊതുങ്ങി. കാട്ടാക്കട-നെടുമങ്ങാട് താലൂക്കുകളുടെ അതിർത്തി പങ്കിടുന്ന വെള്ളനാട്ടിലെ ജംഗ്ഷൻ നവീകരണത്തിന് ഒരുവർഷം മുമ്പ് ആരംഭിച്ച പ്രവർത്തനങ്ങൾ ഇപ്പോഴും മുന്നോട്ട് പോയിട്ടില്ല. മാതൃകാ ജംഗ്ഷൻ പദ്ധതിക്ക് പഞ്ചായത്ത് കഴിഞ്ഞ സാമ്പത്തിക വർഷം ഒരു ലക്ഷം രൂപ നീക്കിവെച്ചിരുന്നു.

വെള്ളനാട് ജംഗ്ഷനിലെ വിവിധ പ്രദേശങ്ങളിൽ വ്യാപാരി-വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സി.സി.ടി.വി. ക്യാമറകളും സ്ഥാപിച്ചു. പക്ഷേ ഇവയെല്ലാം തുടക്കത്തിൽ ചെയ്തെങ്കിലും പദ്ധതി മുന്നോട്ട് പോകുന്നില്ല.

വെള്ളനാട്-ചെറ്റച്ചൽ റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ടാണ് മാതൃകാ ജംഗ്ഷൻ പദ്ധതി വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. വെള്ളനാട് ജംഗ്ഷനിൽ ട്രാഫിക്ക് സിഗ്നൽ ഉൾപ്പെടെ സ്ഥാപിച്ച് പരിഷ്കരിക്കുന്നതാണ് പദ്ധതി.

പാർക്കിങ് ക്രമീകരിക്കുക, ബസ്‌ -ബേകൾ ജംഗ്ഷനിൽ നിന്ന് 50 മീറ്റർ അകലെയായി ക്രമീകരിക്കുക, ഓട്ടോ, ടാക്സി സ്റ്റാൻഡുകൾ മാറ്റി സ്ഥാപിക്കുക, നടപ്പാതകൾ, സീബ്രാലൈനുകൾ എന്നിവ ഒരുക്കുക, ട്രാഫിക് ബോർഡുകൾ സ്ഥാപിക്കുക എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കേണ്ടതുണ്ട്.