ആറ്റിങ്ങൽ നഗരസഭയുടെ ബയോഗ്യാസ് പ്ലാന്റ് നിറഞ്ഞൊഴുകുന്നു

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയുടെ കീഴിലുള്ള ചന്തയ്ക്കുള്ളിൽ നിർമിച്ചിരിക്കുന്ന ബയോഗ്യാസ് പ്ലാന്റിൽ നിന്നുള്ള മാലിന്യം പുറത്തേക്കൊഴുകുന്നത് പ്രദേശവാസികൾക്ക് ഭീഷണിയാകുന്നു. മാലിന്യം നിറഞ്ഞ പ്രദേശം ദുർഗന്ധം പരക്കുന്നതിനാൽ സമീപത്തെ വീടുകളിൽ കഴിയുന്നവരാണ് ആകെ പ്രതിസന്ധിയിലായത്.

ചന്തയ്ക്കുള്ളിലെ അറവുശാലയിൽ നിന്നുള്ള മാലിന്യമാണ് ബയോഗ്യാസ് പ്ലാന്റിലേക്കൊഴുകുന്നത്. വലിയതോതിൽ മാലിന്യസംഭരണശേഷിയുള്ളതാണ് ഈ പ്ലാന്റ്. നഗരസഭയുടെ ഏറ്റവും വലിയ പ്ലാന്റും ഇവിടെയാണ്. നിശ്ചിതദിവസം മാലിന്യം സംഭരണിയിൽ നിലനിർത്തിയാണ് ഗ്യാസ് ഉത്‌പാദിപ്പിക്കുന്നത്. അളവിൽക്കൂടുതൽ മാലിന്യം സംഭരണിയിലെത്തിയതോടെയാണ് ഇത് പുറത്തേക്കൊഴുകാൻ തുടങ്ങിയത്.

സമീപത്തെ സ്വകാര്യവ്യക്തിയുടെ മതിൽ തകർത്ത് പുരയിടത്തിലേക്കു മാലിന്യം ഒഴുകുകയാണിപ്പോൾ. ചന്തറോഡ് നന്ദനത്തിൽ കവിതയുടെ വീട്ടുപരിസരത്തേയ്ക്കാണ് മാലിന്യം ഒഴുകുന്നത്. ദുർഗന്ധം നിറഞ്ഞ മാലിന്യം പുറത്തേക്കൊഴുകുന്നത് ആരോഗ്യഭീഷണി ഉയർത്തുന്നുവെന്ന് നാട്ടുകാർ പറയുന്നു. മഴവെള്ളത്തിനൊപ്പം മാലിന്യം മറ്റിടങ്ങളിലേയ്ക്കും ഒഴുകുന്നത് ഭീഷണി വർധിപ്പിച്ചിട്ടുണ്ട്. നഗരസഭാജീവനക്കാർ സ്ഥലത്തെത്തി ബ്ലീച്ചിങ് പൗഡർ വിതറിയിട്ടുണ്ട്.

ചന്തയ്ക്കുള്ളിലെ ബയോഗ്യാസ്‌ പ്ളാന്റിൽനിന്നു മാലിന്യം പുറത്തേക്കൊഴുകുന്നതു തടയാൻ വേണ്ട നടപടികൾ സ്വീകരിച്ചതായും സംഭരണിയിലേക്ക്‌ അമിത അളവിൽ മാലിന്യമൊഴുക്കിയതാണ് പ്രശ്നത്തിനിടയാക്കിയതെന്നും പ്രശ്നം ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ തുടങ്ങിയിട്ടുണ്ടെന്നും ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ എം.പ്രദീപ് പറഞ്ഞു.