മടവൂരിലെ ഒരു വിഭാഗം ആളുകൾ വന്യമൃഗ ഭീതിയിൽ…

മടവൂർ : പരമ്പരാഗതമായി ചെയ്തു വരുന്ന കൃഷി ചെയ്യാനാകാത്തത് മാത്രമല്ല പകൽ സമയത്ത് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് മടവൂർ ഗ്രാമപഞ്ചായത്തിലെ അറു കാഞ്ഞിരം പ്രദേശത്തെ ജനങ്ങൾ. കൃഷിയെ ആശ്രയിച്ചു കഴിയുന്ന ഇവിടത്തെ ജനങ്ങൾക്ക് വന്യമൃഗങ്ങളുടെ ആക്രമണവും ശല്യവും കാരണം നിലവിൽ ഒരു കൃഷിയും ചെയ്ത് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. കാർഷിക വിളകൾ നശിപ്പിക്കുക മാത്രമല്ല, ജനങ്ങൾക്ക് പകൽ സമയങ്ങളിൽ പോലും വന്യജീവികളുടെ ആക്രമണം ഭയന്ന് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. സമീപത്തെ ഇളമ്പ്ര കോട്ട് വനത്തിൽ നിന്നുള്ള കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ്, മയിൽ തുടങ്ങിയവയാണ് ഒറ്റയ്ക്കും കൂട്ടമായും എത്തി കൃഷി നശിപ്പിക്കുന്നത്. പാലോട് ഫോറസ്റ്റ് റേഞ്ചിലുള്ള ഈ വനത്തിന് സമീപമുള്ള വന്യമൃഗ ആക്രമണത്തിൽ എന്തെങ്കിലും സംഭവിച്ചാൽ കിലോമീറ്ററുകൾക്കപ്പുറമുള്ള റേഞ്ച് ഓഫീസിൽ നിന്നു വേണം ഉദ്യോഗസ്ഥർക്ക് എത്താൻ. അക്കേഷ്യ, കശുമാവ്, യൂക്കാലി മരങ്ങൾ അടങ്ങിയ അഞ്ഞൂറ് ഏക്കറോളം ഉള്ള ഈ പ്ലാന്റേഷനിലാണ് നാട്ടിൽ ഇറങ്ങുന്ന പാമ്പുകൾ ഉൾപ്പെടെയുള്ള ജീവികളെ പിടിച്ചു കൊണ്ടിടുന്നത് എന്ന് ആക്ഷേപമുണ്ട്. പാലക്കാട് ചൂലന്നൂർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മയിലുകളെ കണ്ടു വരുന്നതും ഇവിടെ തന്നെയാണ്. അധികൃതരുടെ ഭാഗത്തു നിന്ന് വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ ഈ പ്രദേശത്തെ അവശേഷിക്കുന്ന കൃഷി കൂടി അപ്രത്യക്ഷമാകുമെന്ന് നാട്ടുകാർ പറയുന്നു.