പിടികിട്ടാപ്പുള്ളികളായ വെട്ടൂർ സ്വദേശികൾ വർക്കല പോലീസ് പിടിയിൽ

വർ‍ക്കല: കല്ലമ്പലം, നെടുമങ്ങാട്, പരവൂർ, പാരിപ്പള്ളി, വർക്കല പൊലീസ് സ്റ്റേഷനുകളിലായി പത്തോളം കവർച്ച–പിടിച്ചുപറി കേസുകളിലെ പ്രതിയായ വെട്ടൂർ ആശാൻമുക്കിന് സമീപം  സാലിഹ്(32), വർക്കല പരിധിയിൽ ബോംബെറിഞ്ഞു കൊലപാതക ശ്രമം, വിദേശിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമം, കവർച്ച എന്നിങ്ങനെ പതിനഞ്ചോളം കേസുകളിലെ പ്രതിയായ മേൽവെട്ടൂർ ജംഗ്ഷൻ സമീപത്തെ  ജാനി(47) എന്നിവരെ വർക്കല ഇൻസ്പെക്ടർ ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ജി.എസ്.ശ്യാംജി, സിപിഒമാരായ ജയ്മുരുകൻ, ഹരീഷ്, അബിനു എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തു.

സാലിഹ് 2006 സെപ്റ്റംബറിൽ വെട്ടൂർ ആശാൻ മെമ്മോറിയൽ സ്കൂളിന് സമീപം വീട്ടിൽ നിന്നും 43 പവനും 63000 രൂപയും കവർന്നു.  2007 മാർച്ചിൽ ചെമ്മരുതി സ്വദേശിനി ഹസീനയുടെ അഞ്ചു പവൻ കവർന്ന കേസിലും അതേ വർഷം ജൂലൈയിൽ ചാവർകോടുള്ള പെട്രോൾ പമ്പ് മാനേജറെ കെട്ടിയിട്ടു 61,000 രൂപ കവർന്ന കേസിലും ഉൾപ്പെട്ടിട്ടുണ്ട്. 2007 നവംബറിൽ കല്ലമ്പലം ദേശീയപാതയിൽ പുലർച്ചെ മത്സ്യം കയറ്റിയ ലോറി തടഞ്ഞു നാസറുദ്ദീനെ വെട്ടി പരുക്കേൽപ്പിച്ചു പണം കവർന്ന കേസിലും 2008 മാർച്ചിൽ പരവൂർ സ്വദേശി ബിനുവിനെ വെട്ടി പരുക്കേൽപ്പിച്ചു 2.5 ലക്ഷവും മാലയും കവർന്ന കേസുകളി‍ൽ പങ്കുണ്ട്.

ആറു മാസം മുമ്പ് കഞ്ചാവ് കൈവശം വച്ചതിന് എറണാകുളത്ത് എക്സൈസ് സംഘം സാലിഹിനെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ കഴിഞ്ഞ പ്രതി വീട്ടിൽ വന്നു പോകാറുണ്ടെന്ന് വിവരത്തെ തുടർന്നാണ് അറസ്റ്റ് ചെയ്യാനായത്. വർക്കല, കടയ്ക്കാവൂർ, കല്ലമ്പലം പൊലീസ് സ്റ്റേഷനുകളിലായി 15 കേസുകളിലെ പ്രതിയാണ് ജാനി.

2002 വർക്കല മുണ്ടയിൽ ജിപി കോട്ടേജിൽ പ്രസന്നകുമാറിന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞു കഴുത്തിന് വെട്ടി ഭാര്യയുടെ കഴുത്തിലെ 5 പവൻ പൊട്ടിച്ചെടുത്ത കേസ്, 2002 നവംബറിൽ വർക്കലയിൽ വിനോദസഞ്ചാരി ജർമൻ സ്വദേശി ഹെർബർട്ട് ഷാഷ് ലെക്ക് എന്നയാളെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസ്, 2006ൽ വെട്ടൂർ സ്വദേശിയ വിനോദിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, 2017ൽ എറണാകുളം സ്വദേശി സജിത്ത് കുമാർ ഉൾപ്പെടെ നിരവധി പേർക്ക് വിസ നൽകാമെന്നു പറഞ്ഞു 10 ലക്ഷം തട്ടിയെടുത്ത കേസ്, 2018ൽ വെട്ടൂർ സ്വദേശിനിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസ് ഉൾപ്പെടെ നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്.