യുവാവ് കഴുത്തറുത്ത് മരിച്ച സംഭവം :ഭാര്യയും അറസ്റ്റിൽ

വെമ്പായം : വട്ടപ്പാറ കല്ലയം കാരമൂട് നമ്പാട് വാടകയ്ക്ക് താമസിച്ചിരുന്ന വിനോദ്കുമാറിനെ (35) കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ വിനോദിന്റെ ഭാര്യ രാഖി (29) യെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തിൽ നേരത്തെ അറസ്റ്റിലായ കൊല്ലപ്പെട്ട വിനോദ്കുമാറിന്റെ ഭാര്യയുടെ കാമുകൻ പേരൂർക്കട തൊഴുവൻകോട് ശ്രിവിനായക ഹൗസിൽ മനോജ് (30) പൊലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് വിനോദിന്റെ ഭാര്യ രാഖിക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. തുടർന്ന്  കല്ലയം പൊന്നറകുന്നിലെ കുടുംബവീട്ടിൽ നിന്നാണ് വട്ടപ്പാറ സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റുചെയ്തത്.

ഇക്കഴിഞ്ഞ 12ന് ഉച്ചയ്ക്ക് രണ്ടോടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. രാഖിക്ക് മനോജുമായി ഉണ്ടായിരുന്ന വഴിവിട്ട ബന്ധമാണ് സ്വന്തം ഭർത്താവിന്റെ ആരും കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ക്രിമിനലായ മനോജ് കൃത്യത്തിന് ശേഷം തന്നെ ഭീഷണിപ്പെടുത്തിയാണ് രക്ഷപ്പെട്ടതെന്നുമാണ് ചോദ്യം ചെയ്യലിൽ രാഖി ആദ്യം പറഞ്ഞത്. എന്നാൽ ഇത് കളവാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ രാഖിയുടെ സഹായം പ്രതിക്ക് കിട്ടിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗൂഢാലോചന, കൊലപാതക കൃത്യത്തിൽ നേരിട്ട് പങ്കാളിത്തം , തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റം ചുമത്തിയ അന്വേഷണ സംഘം രണ്ടാം പ്രതിയായാണ് അറസ്റ്റുചെയ്തത്. വിനോദ് സ്വയം കഴുത്തറുത്ത് മരിച്ചു എന്ന ഭാര്യ രാഖിയുടെ മൊഴി ആദ്യമേ കളവാണെന്ന് പൊലീസിന് ബോദ്ധ്യമായതിനെത്തുടർന്ന് അടുത്ത ദിവസം വിനോദിന്റെ ആറുവയസുകാരനായ മകനെ വിളിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. സംഭവ സമയത്ത് വീട്ടിൽ അമ്മയുടെ സുഹൃത്തായ മനോജ് ഉണ്ടായിരുന്നതായും, മുറിവേറ്റ അച്ഛൻ നിലവിളിച്ചുകൊണ്ട് വീടിന്റെ മുൻവശത്ത് കമിഴ്ന്ന് വീഴുമ്പോൾ, അങ്കിൾ വീടിനുള്ളിൽ നിന്ന് മുറ്റത്തേക്ക് വന്ന് നോക്കിയ ശേഷം വീടിന്റെ പിറകിലൂടെ കടന്നുവെന്നുമുള്ള മകന്റെ മൊഴിയാണ് കേസിൽ നിർണായകമായത്. അറസ്റ്റിലായ രാഖിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.