വർക്ഷോപ്പിൽ നിന്ന് കാർ മോഷ്ടിച്ചു: ഇന്ധനം തീർന്നു വഴിയിൽ ഉപേക്ഷിച്ചു ട്രെയിനിൽ ചുറ്റി വീട്ടിലെത്തി : പ്രതിയെ പോലീസ് പൊക്കി…

കടയ്ക്കാവൂർ : ആലംകോട് ഗുരുനാഗപ്പൻകാവിനു സമീപം രാംനഗറിൽ മോഹനന്റെ ഉടമസ്ഥതയിലുള്ള വർക്ക് ഷോപ്പിൽ നിന്നും ജൂൺ 10ന് കാർ മോഷ്ടിച്ച് കടത്തിയ കേസിലെ പ്രതി പിടിയിൽ. കടയ്ക്കാവൂർ പെരുംകുളം കുടവൂർകോണം ചരുവിള വീട്ടിൽ അപ്പുവിന്റെ മകൻ സ്റ്റാലിൻ എന്ന് വിളിക്കുന്ന അജയൻ (27) ആണ് കടയ്ക്കാവൂർ പോലീസിന്റെ പിടിയിലായത്.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത് ഇങ്ങനെ :

ജൂൺ 10ന് വർക്ഷോപ്പിലെ ഗേറ്റ് കുത്തിപ്പൊളിച്ച് അകത്തു കടന്ന പ്രതി റോമിലെ പൂട്ടുപൊളിച്ച് അകത്തു തൂക്കിയിരുന്ന താക്കോലുകൾ എടുത്ത് അവിടെ സൂക്ഷിച്ചിരുന്ന എല്ലാ വാഹനങ്ങളിലും താക്കോൽ പരിശോധിച്ചു നോക്കി. അതിൽ ഓടുന്ന കാർ നോക്കി പ്രതി മോഷ്ടിക്കുകയായിരുന്നു. ചാത്തമ്പാറ സ്വദേശി ദീപുവിന്റെ ഹോണ്ട സിറ്റി കാർ ആണ് വർക്ഷോപ്പിൽ നിന്ന് പ്രതി കടത്തിയത്.തുടർന്ന് പ്രതി വാഹനവുമായി വർക്കല എത്തുകയും ഇന്ധനം തീരാറായി എന്ന് മനസ്സിലാക്കി വാഹനം വർക്കല റെയിൽവേ സ്റ്റേഷനടുത്ത് ഗുഡ്സ് റോഡിൽ വാഹനം ഉപേക്ഷിച്ച് ട്രെയിനിൽ കയറി ഷൊർണൂർ പോവുകയും ചെയ്തു. ശേഷം ഷൊർണൂർ എന്ന് തിരിച്ചു മറ്റൊരു ട്രെയിനിൽ കയറി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും അവിടെനിന്ന് ബസ്സിൽ കയറി വീട്ടിൽ വരുകയും ചെയ്തു. മോഷണവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പ്രതിയെ സംബന്ധിച്ച് സൂചനകൾ ഒന്നും ലഭിച്ചിരുന്നില്ല. കഴിഞ്ഞദിവസം കാണിക്ക മോഷണവുമായി ബന്ധപ്പെട്ട് പിടിയിലായ കുട്ടി കുറ്റവാളികളെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് കടയ്ക്കാവൂർ സിഐ ശ്രീകുമാറിൻറെ നിർദ്ദേശപ്രകാരം എസ്‌ഐ വിനോദ് വിക്രമാദിത്യൻ ജി.എസ്.ഐ വിജയൻ, എ.എസ്.ഐ മാരായ മുകുന്ദൻ, വിജയകുമാർ, സിപിഒമാരായ ബിനോജ്, സന്തോഷ്,  ജുഗുനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.