ഭാര്യ കിണറ്റിൽ ചാടി, ഭർത്താവ് വിഷം കഴിച്ചു, മകൾ ഫയർ ഫോഴ്‌സിനെ വിളിച്ചു..

ആനാട്: കുടുംബവഴക്കിനിടെ ഭാര്യ കിണറ്റില്‍ ചാടി. ഇതുകണ്ട ഭര്‍ത്താവ് വിഷം കഴിച്ചു. ജീവന് വേണ്ടി മല്ലിട്ട രണ്ടുപേരെയും രക്ഷിച്ചത് ഫയര്‍ഫോഴ്സ്. ആനാട് പനയമുട്ടത്താണ് സംഭവം. ഭര്‍ത്താവുമായുള്ള കലഹം മൂര്‍ച്ഛിച്ചതിന് പിന്നാലെയാണ് ഭാര്യ വീട്ടുവളപ്പില്‍ തന്നെയുള്ള കിണറ്റിലേക്ക് ചാടിയത്. ഇത് കണ്ട ഉടനേ ഭര്‍ത്താവ് വീട്ടില്‍ സൂക്ഷിച്ചിരുന്ന കീടനാശിനി എടുത്ത് കഴിക്കുകയായിരുന്നു.

വീട്ടിലുണ്ടായിരുന്ന മകളാണ് ഫയര്‍ഫോഴ്സിനെ വിളിച്ചത്. വീട്ടുമുറ്റത്ത് അബോധാവസ്ഥയില്‍ കിടന്ന ഭര്‍ത്താവിനെ ഫയര്‍ഫോഴ്സ് നെടുമങ്ങാട് ആശുപത്രിയിലെത്തിച്ചു. 70 അടിയിലേറെ ആഴമുള്ള കിണറ്റില്‍ വീണ ഭാര്യയെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് കരയ്ക്ക് കയറ്റാനായത്. ഇരുവരെയും പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി