അയിരൂർ പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർ കുറവ്, പരാതി പരിഹാരം നീളുന്നതായി ആക്ഷേപം…

അയിരൂർ : ക്രമസമാധാനം നിലനിർത്താൻ പെടാപാട് പെടുകയാണ് അയിരൂർ പോലീസ്. ഉള്ള ഉദ്യോഗസ്ഥർ വളരെ പരിശ്രമിച്ചാണ് നാടിന്റെ സുരക്ഷ ഉറപ്പാക്കുന്നത്. എന്നാൽ എത്രയൊക്കെ അഡ്ജസ്റ്റ് ചെയ്താലും ഉദ്യോഗസ്ഥരുടെ എണ്ണത്തിലുള്ള കുറവ് ജനങ്ങളെ ബാധിക്കുന്നുണ്ട്.

അയിരൂർ പോലീസ് സ്റ്റേഷനിൽ ഒരു കാര്യത്തിനു സമീപിച്ചാൽ “പോലീസുകാരുടെ എണ്ണം കുറവ് ” എന്നാണ് അവിടെ ഉള്ള ഉദ്യോഗസ്ഥർ പറയുന്നതെന്നാണ് നാട്ടുകാരുടെ പരാതി. മാത്രമല്ല നിലവിലെ ഉദ്യോഗസ്ഥർ മാത്രം വിചാരിച്ചാൽ കാര്യം എളുപ്പമാകില്ല. അത് കൊണ്ട് പലയിടത്തും പോലീസ് സാന്നിധ്യം കുറയുന്നതായും ആക്ഷേപമുണ്ട്. ഏറ്റവും കൂടുതൽ കഞ്ചാവ് ലോബികളും, ഗുണ്ടകളും അഴിഞ്ഞാടുന്ന അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസുകാരുടെ എണ്ണത്തിലുള്ള കുറവ് ജനഭീതി പരത്തുന്നുണ്ട്. കൂടാതെ ജനങ്ങൾ നൽകുന്ന പരാതി പരിഹരിക്കാൻ സമയക്കൂടുതൽ വേണ്ടി വരുന്നതായും നാട്ടുകാർ ആക്ഷേപിക്കുന്നുണ്ട്. അധികാരികൾ ഇടപെട്ടു ആവശ്യത്തിനുള്ള പോലീസുകാരെ നിയമിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.