പൊലീസ് സ്റ്റേഷൻ പരിസരം വൃത്തിയാക്കി വെഞ്ഞാറമൂട് പൊലീസ് മാതൃകയായി

വെഞ്ഞാറമൂട്: പൊലീസ് സ്റ്റേഷൻ പരിസരം വൃത്തിയാക്കി വെഞ്ഞാറമൂട് പൊലീസ് മാതൃകയായി.കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ നിറഞ്ഞും കാട് പിടിച്ചും കിടന്ന സ്റ്റേഷൻ പരിസരമാണ് അടിച്ചു വാരി വൃത്തിയാക്കിയത്. സി.ഐ ബി.ജയന്റെയും, എസ്.ഐ ബിനീഷ് ലാലിന്റെയും നേതൃത്വത്തിൽ രാവിലെ നടന്ന വൃത്തിയാക്കൽ ദൗത്യത്തിൽ സ്‌റ്റേഷനിലെ മുഴുവൻ ജീവനക്കാരും പങ്കെടുത്തു. സ്റ്റേഷനിൽ അടുത്തിടെ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ പുന്തോട്ടം നിർമ്മിച്ച് ഭംഗിയാക്കിയിരുന്നെങ്കിലും പരിസരം വൃത്തിഹീനമായി കിടക്കുകയായിരുന്നു. സ്റ്റേഷൻ കോമ്പൗണ്ടിൽ തന്നെയാണ് പൊലീസ് ക്വാർട്ടേഴ്സും സ്ഥിതി ചെയ്യുന്നത്. ഉപയോഗശൂന്യമായ വാഹനങ്ങൾ കൃത്യമായി മാറ്റാത്തതിലൂടെ ഇവിടം ഇഴജന്തുക്കളുടെ താവളമായി. ഇത് ശ്രദ്ധയിൽപ്പെട്ട സി.ഐ സന്നദ്ധസേവനത്തിലൂടെ സ്റ്റേഷൻ പരിസരം വൃത്തിയാക്കാൻ തീരുമാനിക്കുകയായിരുന്നു. സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരും ഒരുമിച്ച് നടത്തിയ പ്രവർത്തനം രാവിലെ സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയവർക്കും വഴിയാത്രക്കാർക്കും കൗതുകമായി.