Search
Close this search box.

ഓഫീസിൽ തർക്കം : വില്ലേജ് ഓഫീസർ കുഴഞ്ഞു വീണു

eiB9H8B43640

മാറനല്ലൂർ : ജോലിയിൽ പ്രവേശിക്കാൻ പട്ടികജാതി യുവതിക്ക് ജാതി സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ച മാറനല്ലൂർ വില്ലേജ് ഓഫീസർ തർക്കത്തിനൊടുവിൽ കുഴഞ്ഞുവീണു. സംഭവം കണ്ട് ഭയന്ന ജീവനക്കാർ ഉടനെ വില്ലേജ് ഓഫീസറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്തിടെ ചുമതലയേറ്റ വില്ലേജ് ഓഫീസർ വിജയകുമാറാണ് രക്തസമ്മർദ്ദത്തെ തുടർന്ന് കുഴഞ്ഞുവീണത്.

മാറനല്ലൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് രാജമ്മ അയ്യപ്പന്റെ കൊച്ചുമകൾക്ക് വേണ്ടിയാണ് ഇവരുടെ മകൾ അനിത ഓൺലൈൻ വഴി ജാതി സർട്ടിഫിക്കറ്റിന്‌ അപേക്ഷിച്ചത്. രാജമ്മ അയ്യപ്പന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയ വില്ലേജ് ഓഫീസർ മതസ്ഥാപനത്തിന്റെ കലണ്ടർ കണ്ടതിനെ തുടർന്ന് ഇവർ ഹിന്ദുക്കളല്ലെന്ന് ധരിച്ച് സർട്ടിഫിക്കറ്റ് നൽകാൻ ബുദ്ധിമുട്ടാണെന്ന് അറിയിക്കുകയായിരുന്നു. രാവിലെ മകൾ അനിതയ്ക്കൊപ്പം വില്ലേജ് ഓഫീസിലെത്തിയ രാജമ്മഅയ്യപ്പൻ ഞങ്ങൾ ഹിന്ദു പട്ടികജാതിക്കാരാണെന്നും കുവളശ്ശേരി മഹാദേവ ക്ഷേത്ര ഭരണസമിതിയിൽ അംഗമാണെന്നും കുടുംബാംഗങ്ങൾ എല്ലാപേർക്കും ഹിന്ദു പേരാണുള്ളതെന്നും വ്യക്തമാക്കിയതിനെ തുടർന്ന് ഓൺലൈൻ അപേക്ഷ പരിശോധിക്കാൻ വില്ലേജ് ഓഫീസർ ലാപ്പ്ടോപ്പ് നോക്കുന്നതിനിടെ, അസ്വസ്ഥത അനുഭവപ്പെട്ട് മേശപ്പുറത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. പെൺകുട്ടിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരമുള്ള ആശുപത്രിയിൽ നഴ്സ് ജോലിയിൽ പ്രവേശിക്കാനാണ് സർട്ടിഫിക്കറ്റ് ആവശ്യമായി വന്നത്. വിവരമറിഞ്ഞെത്തിയ സി.പി.എം പ്രവർത്തകർ വില്ലേജ് ഓഫീസിനുള്ളിൽ കയറി പ്രശ്നത്തിൽ ഇടപെട്ടു. മാറനല്ലൂർ പൊലീസ് സംഭവം തഹസിൽദാരെ അറിയിക്കുകയും സ്ഥലത്തെത്തിയ ഡെപ്യൂട്ടി തഹസിൽദാർ ഗോപാലകൃഷ്ണൻ ആദ്യം വില്ലേജ് ഓഫീസറുടെ നടപടികൾ ന്യായീകരിക്കാൻ ശ്രമിച്ചത് സി.പി.എം പ്രവർത്തകരുമായി വാക്ക് തർക്കത്തിന് ഇടയായി. വില്ലേജ് ഓഫീസർ ആശുപത്രിയിലായതിനാൽ ജാതി സർട്ടിഫിക്കറ്റ് നൽകാൻ മറ്റൊരാളെ നിർദേശിക്കണമെന്ന സി.പി.എം നേതാക്കളുടെ ആവശ്യം ഡെപ്യൂട്ടി തഹസിൽദാർ ഒടുവിൽ അംഗീകരിച്ചതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!