ആ​റ്റിങ്ങൽ ബൈപാസ് പദ്ധതി കാസർകോട്- തിരുവനന്തപുരം പദ്ധതിയായി മാറി.

കടമ്പാട്ടുകോണം മുതൽ മാമം വരെയുള്ള ആ​റ്റിങ്ങൽ ബൈപാസുൾപ്പെടുന്ന ദേശീയപാത വികസനം കാസർകോട്- തിരുവനന്തപുരം പാത വികസനം എന്ന പദ്ധതിയായി മാറി. ഇതോടെ കേരളത്തിന്റെ നിയന്ത്രണത്തിൽ നിന്നു പാത വികസനം കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിലായി. മൂന്നു ഘട്ടമായാണ് ഇനി ഈ ആറുവരി പാത വികസനം നടക്കുക. കഴക്കൂട്ടം- ഓച്ചിറ,​ കടമ്പാട്ടുകോണം- കഴക്കൂട്ടം,​ ഓച്ചിറ – ചേർത്തല എന്നിങ്ങനെ മൂന്നു ഘട്ടമായാണ് പാത വികസനത്തിന് ഇപ്പോൾ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. അതോടെ എൻ.എച്ച് 44 എന്നത് എൻ.എച്ച് 66 ആയി മാറുമെന്ന് ബി. സത്യൻ എം.എൽ.എ പറഞ്ഞു. ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കടമ്പാട്ടുകോണം – മാമം പാത വികസനവും നടക്കുക. ഇതോടെ ആറ്റിങ്ങൽ വഴി കടന്നു പോകുന്ന ഇപ്പോഴത്തെ ഹൈവേ പി.ഡബ്ലിയു. ഡി റോഡായി മാറും. ഇതുവരെ നടന്ന സർവേ പ്രകാരം തന്നെ പേരുമാറ്റി പദ്ധതി ആവിഷ്കരിക്കുമെന്നാണ് അറിയുന്നത്.

ആറ്റിങ്ങൽ ബൈപാസ് എന്നറിയപ്പെട്ടിരുന്ന പാതയുടെ മാമം മുതൽ കഴക്കൂട്ടം വരെയുള്ള ഭാഗത്തെ സർവേ പൂർത്തിയായിരുന്നു. ഇതോടെ കടമ്പാട്ടുകോണം – കഴക്കൂട്ടം പാത വികസനത്തിനായി ഭൂമിയേ​റ്റെടുക്കുന്നതിനുള്ള രേഖകൾ ദേശീയപാത വികസന അതോറി​ട്ടിക്ക് റവന്യൂ വിഭാഗം കൈമാറിക്കഴിഞ്ഞു. 3എ വിജ്ഞാപനത്തിന്റെ കാലാവധി അവസാനിക്കുന്ന ദിവസംതന്നെ സർവേ പൂർത്തിയാക്കി സമർപ്പിക്കുകയും ചെയ്തിരുന്നു.. ഇതോടെ കേരളത്തിലെ ദേശീയപാത വികസനത്തിന്റെ ചുമതല കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയായിരുന്നു.റവന്യൂ വകുപ്പ് കൈമാറിയിരിക്കുന്ന രേഖകൾ ദേശീയപാത വിഭാഗം കേന്ദ്ര ഉപരിതലഗതാഗതവകുപ്പിന് കൈമാറുന്നതോടെ പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയാകും