ആധുനിക രീതിയിലുള്ള യന്ത്രവത്കൃത കയർ ഫാക്ടറികൾ സന്ദർശിച്ച് പെരുങ്ങുഴിയിലെ കയർ തൊഴിലാളികൾ

അഴൂർ : സംസ്ഥാനത്തെയും തമിഴ്നാട്ടിലെയും ആധുനിക രീതിയിലുള്ള യന്ത്രവത്കൃത കയർ ഫാക്ടറികൾ സന്ദർശിച്ച് കയർ വ്യവസായത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ നേരിട്ട് കാണാനും പഠിക്കാനും മനസിലാക്കാനും പെരുങ്ങുഴിയിലെ കയർ തൊഴിലാളികൾക്ക് അവസരം ലഭിച്ചു. പെരുങ്ങുഴി കയർ വ്യവസായ സഹകരണ സംഘത്തിലെ അൻപതോളം തൊഴിലാളികൾക്കാണ് ആറു ദിവസക്കാലം നീണ്ടുനിന്ന പഠനയാത്രക്ക് കയർബോർഡ് അവസരം ഒരുക്കിയത്. തമിഴ്നാട് പൊള്ളാച്ചിയിലെ കയർ റീജിയണൽ ഓഫീസ്, കന്യാകുമാരി മണ്ടയ്ക്കാട്ടെ കയർ ക്ലസ്റ്റർ ഓഫീസ്, തമിഴ്നാട്ടിലെയും ആലപ്പുഴ തുടങ്ങിയ വിവിധ സ്ഥലങ്ങളിലെയും യന്ത്രവത്കൃത കയർ ഫാക്ടറികൾ എന്നിവ സന്ദർശിച്ചു. പെരുങ്ങുഴി രാജരാജേശ്വരി ക്ഷേത്ര നടയിൽ നടന്ന ചടങ്ങിൽ കയർ സംഘം പ്രസിഡന്റും അഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ആർ. അജിത്ത് പഠനയാത്ര ഉദ്‌ഘാടനം ചെയ്തു. സംഘം സെക്രട്ടറി വി. അനിൽകുമാർ സ്വാഗതവും ബിസിനസ് മാനേജർ അനിത നന്ദിയും പറഞ്ഞു. പഠനയാത്രയ്ക്ക് ആർ. അജിത്ത്, വി. അനിൽകുമാർ, സംഘം ഭരണസമിതി അംഗങ്ങളായ വാരിജാക്ഷൻ, സുജാത, അംബിക, ശോഭിനി സുഗുണൻ, അനിത എന്നിവർ നേതൃത്വം നൽകി. കയർബോർഡ് ജീവനക്കാരി ജെസ്സി കോ-ഓർഡിനേറ്റായിരുന്നു.