പാപനാശത്തെ ജീവനക്കാരുടെ വിവരങ്ങൾ പൊലീസിന്റെ നേതൃത്വത്തിൽ ഡിജിറ്റലാക്കുന്നു

വർക്കല: പാപനാശം ടൂറിസം മേഖലയിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ വിവരങ്ങൾ വർക്കല പോലീസിന്റെ നേതൃത്വത്തിൽ ഡിജിറ്റലിലാക്കുന്നു. ടൂറിസം മേഖലയിൽ സുരക്ഷിതത്വവും സമാധാനാന്തരീക്ഷവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് വിവരശേഖരണം.

മേഖലയിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റ്, റിസോർട്ട്, ഹോം സ്റ്റേ, ടാവൽസ്, കരകൗശല സ്റ്റാളുകൾ, ആയുർവേദ സ്ഥാപനങ്ങൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ നടത്തിപ്പുകാരുടെയും ജീവനക്കാരുടെയും ആവശ്യമായ വിവരങ്ങളെല്ലാം ശേഖരിക്കും. ഫോട്ടോ, ആധാർ, തിരിച്ചറിയൽ കാർഡുകൾ, വിദേശികളാണെങ്കിൽ പാസ്‌പോർട്ട് തുടങ്ങിയ പ്രധാന രേഖകൾ ശേഖരിച്ച് സൂക്ഷിക്കും.

വിവരശേഖരണം പൂർത്തിയായിവരികയാണ്. ഇനിയും വിവരം നൽകിയിട്ടില്ലാത്തവർ 10-നു മുമ്പ് ഹെലിപ്പാഡിലെ പോലീസ് എയ്ഡ് പോസ്റ്റിലെത്തി നൽകണം. ഫോൺ: 9446273131, 9496330607. വിവരശേഖരണം പൂർത്തിയായിക്കഴിഞ്ഞാൽ എല്ലാ ജീവനക്കാർക്കും പോലീസ് ഐ.ഡി. കാർഡുകൾ നൽകും.

നിലവിൽ ടൂറിസം മേഖലയിലെ എല്ലാ ജീവനക്കാരുടെ വിവരങ്ങൾ പോലീസിന്റെ പക്കലില്ല. വിദേശികളും ഇതരസംസ്ഥാന തൊഴിലാളികളുമുൾപ്പെടെയുള്ളവർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ക്രിമിനൽ കേസിലുൾപ്പെട്ടവർ ഒളിച്ചുതാമസിച്ചും റിസോർട്ടുകളിലുൾപ്പെടെ ജോലിചെയ്യുന്നുണ്ട്. ഒറ്റ ക്ലിക്കിൽ ഇവരുടെയെല്ലാം വിവരങ്ങൾ അറിയാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ഡിജിറ്റലൈസേഷനുമായി സഹകരിക്കാതെ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ഇൻസ്‌പെക്ടർ ജി.ഗോപകുമാർ അറിയിച്ചു.