ഗിന്നസ് വേൾഡ് റെക്കോർഡ് മോഹിനിയാട്ടത്തിൽ അംഗമായി അഞ്ചുതെങ്ങ് സ്വദേശിനി

അഞ്ചുതെങ്ങ് : ഗിന്നസ്സ് വേൾഡ് റെക്കോഡിൽ ഇടം നേടിയ മോഹിനിയാട്ട നൃത്താവിഷ്കാരം ഏകാത്മകം മെഗാ ഇവന്റ്റിൽ അംഗമായി അഞ്ചുതെങ്ങ് സ്വദേശിനിയും, ആയിരക്കണക്കിന് വിരൽത്തുമ്പുകളിൽ ഒരേസമയം വിരിഞ്ഞ മുദ്രകളിൽ തേക്കിൻകാട് മൈതാനം അല ഞൊറിഞ്ഞു. സാന്ധ്യശോഭ പൊന്നണിഞ്ഞ കസവുടയാടളകളാൽ ആടിയുലഞ്ഞ ആറായിരം അംഗനമാരുടെ ചുവടുകൾഒരിടത്തും പിഴച്ചില്ല. വടക്കുംനാഥ സന്നിധിയിൽ പിറന്ന പുതിയ റെക്കോർഡിലെ അംഗമായാണ് അഞ്ചുതെങ്ങ് സ്വദേശിനി താരമായത്.

അഞ്ചുതെങ്ങ് ലളിതാനിവാസിൽ സോണിയുടെയും കടയ്ക്കാവൂർ തെക്കുംഭാഗം മുളക്കയ്ക്കലിൽ ഷിബുവിന്റേയും മകൾ ശിവാനി 14 ( മുത്ത് ) ആണ് ഈ ലോകപ്രശസ്തിയുടെ ഭഗവാക്കായത്. ചിറയിൻകീഴ്, ആറ്റിങ്ങൽ, വർക്കല എന്നിങ്ങനെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ പരിപാടിയിൽ പങ്കെടുത്തിരുന്നു. എസ്.എൻ.ഡി.പി. യോഗത്തിന്റെ നേതൃത്വത്തിലാണ് കുണ്ഡലിനിപ്പാട്ടിന്റെ മോഹിനിയാട്ട നൃത്താവിഷ്കാരം ഏകാത്മകം മെഗാ ഇവന്റ് ലോക റെക്കോര്ഡ് കരസ്ഥമാക്കിയത്.

നടന ചാരുതയാൽ ആസ്വാദകരുടെ മനം നിറഞ്ഞു. ശ്രീനാരായണഗുരുദേവന് പരബ്രഹ്മത്തിന്റെ ആനന്ദാനുഭൂതിയിൽ രചിച്ച് ലോകത്തിന് പകർന്നുനൽകിയ കുണ്ഡലിനിപ്പാട്ടിന്റെ നൃത്താവിഷ്കാരമാണ് അരങ്ങേറിയത്. ലോകറെക്കോർഡ് ലക്ഷ്യമാക്കിയുള്ള ഇവന്റിൽ ഗിന്നസ് ബുക്കിന്റെ പ്രതിനിധികളുടെ സാന്നിധ്യവുമുണ്ടായിരുന്നു. ലോക റെക്കോർഡിന്റെ നെറുകയിലേക്കാണ് ചുവടുവച്ചെത്തിയതെന്ന പ്രഖ്യാപനം ഹർഷാരവത്തോടെയാണ് സദസ് ഏറ്റെടുത്തത്.

95 യൂണിയനുകളിൽ നിന്ന് 7000 പേരാണ് നൃത്താവിഷ്കാരത്തിന് രജിസ്ട്രേഷൻ നടത്തിയത്. സ്ക്രീനിങ്ങിന് ശേഷമാണ് നർത്തകിമാരെ തെരഞ്ഞെടുത്തത്. കേരളത്തിന് പുറത്തു നിന്നുള്ളവരും ജാതി, മത, ഭേദമന്യേ പങ്കെടുത്തു. പ്രശസ്ത നർത്തകി കലാമണ്ഡലം ഡോ. ധനുഷ സന്യാലാണ് മോഹിനിയാട്ടം ചിട്ടപ്പെടുത്തി ആറായിരം നർത്തകിമാരെ പരിശീലിപ്പിച്ച് റെക്കോർഡ് നേട്ടത്തിലേക്ക് നയിച്ചത്.