ഗതാഗതകുരുക്കിൽ വലഞ്ഞ് ആറ്റിങ്ങൽ നഗരത്തിലെ യാത്രക്കാർ, അധികാരികൾ കണ്ണുംപൂട്ടി ഇരിക്കുന്നു..

ആറ്റിങ്ങൽ : ആറ്റിങ്ങൽ നഗരം കുരുക്കിൽ ഇഴഞ്ഞു നീങ്ങാൻ തുടങ്ങിയിട്ട് ഒരു മാസത്തിലേറെയാകുന്നു. വീരളം ജംഗ്ഷനിലെ റോഡുനിർമ്മാണം യാത്രക്കാർക്ക് ഉണ്ടാക്കിയ ദുരിതം ഇനിയും അധികാരികൾ കണ്ടമട്ടില്ല. നഗരത്തിലെ ഏറ്റവും തിരക്കേറിയ പാലസ് റോഡിൽ ഗതാഗതം വഴിതിരിച്ചുവിട്ടതോടെയാണ് ഗതാഗതം താറുമാറായത്. കേവലം ആഴ്ചകകൊണ്ട് തീർക്കാവുന്ന നിർമ്മാണ പ്രവർത്തനങ്ങൾ മാസമൊന്നു കഴിഞ്ഞിട്ടും ഇഴഞ്ഞു നീങ്ങുന്നു. ദീർഘദൂര വാഹനങ്ങളും കണ്ടെയ്നർ ലോറികളും ഇവിടെ കുരുങ്ങി കിടക്കുന്നത് പതിവ് കാഴ്ചയാണ്.

രാത്രികാലങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി പകൽ സമയം ഗതാഗത സൗകര്യമൊരുക്കാൻ കഴിയുമെങ്കിലും യാത്രക്കാരെ ബുദ്ധിമുട്ടിക്കാൻ അധികാരികൾ മത്സരിക്കുന്നതായാണ് നാട്ടുകാരുടെ അഭിപ്രായം. ദിവസവും നൂറുകണക്കിനു വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന പാലസ് റോഡിലെ ഗതാഗത കുരുക്കിൽ മറുവശം കടക്കാനാകാതെ നിൽക്കുന്ന കുട്ടികൾ പതിവുകാഴ്ചയാണ്. നഗരത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ഈ പാതയ്ക്കു സമീപമാണ്. ദീർഘദൂര വാഹനങ്ങൾ പലപ്പോഴും വഴിയറിയാതെ നിർത്തിയിടുന്നതും സ്ഥലം അന്വേഷിക്കുന്നതും ഗതാഗതകുരുക്ക് ഇരട്ടിയാക്കുന്നു. ഇക്കഴിഞ്ഞ ദിവസം ഗേൾസ് ഹൈസ്കൂൾ ജംഗ്ഷനിൽ വാഹനമിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നുണ്ടായ ഗതാഗത തടസ്സം മണിക്കൂറുകൾ നീണ്ടു. ഇനിയും യാത്രാദുരിതം തുടർന്നാൽ പ്രക്ഷോഭ പരിപാടികൾക്ക് തയ്യാറാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.