ബാർ അടച്ച ശേഷം മദ്യം വേണമെന്നും പറഞ്ഞ് അക്രമം : ഒരാൾ കൂടി അറസ്റ്റിൽ

കല്ലമ്പലം : കല്ലമ്പലത്ത് പ്രവർത്തിക്കുന്ന ബാർ ഹോട്ടൽ രാത്രിയിൽ അടച്ച ശേഷം എത്തിയ സംഘം മദ്യം ആവശ്യപ്പെട്ട് അക്രമം അഴിച്ചുവിട്ട സംഭവത്തിൽ ഒരാളെ കൂടി കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റൂർ വില്ലേജിൽ വെട്ടിമൺകോണം സുധി നിവാസിൽ സുധി(21) ആണ് അറസ്റ്റിലായത്. സംഭവുമായി ബന്ധപ്പെട്ട് നേരത്തെ ജോഷി , സഫിൻ എന്നീ രണ്ടു പ്രതികളെ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

രാത്രിയിൽ ബാർ ഹോട്ടൽ അടച്ച ശേഷം സ്ഥലത്തെത്തിയ പ്രതികൾക്ക് മദ്യം നൽകാത്തതിനെതുടർന്ന് മാരകായുധങ്ങളുമായി സെക്യൂരിറ്റി ഓഫീസറുടെ മുറിയിൽ കയറി ഇയാളെ മർദ്ദിക്കുകയും തടയാൻ ചെന്ന മറ്റു ജീവനക്കാരെ കത്തിവീശി ഭീഷണിപ്പെടുത്തുകയുമായിരുന്നു.

കല്ലമ്പലം സി.ഐ ഫറോസ്, എസ്.ഐ. നിജാം.വി, അഡിഷണൽ എസ്.ഐ അനിൽ .ആർ.എസ്, എ.എസ്.ഐ സുനിൽ, സി.പി.ഒമാരായ പ്രശാന്ത്, ഷാൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.