കല്ലമ്പലം പോലീസ് സ്റ്റേഷനിൽ ശുചിമുറി നിർമിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ : നടപടികൾ ആരംഭിച്ചു 

കല്ലമ്പലം: കല്ലമ്പലത്ത് പൊലീസ് സ്റ്റേഷനിലെത്തുന്ന സന്ദർശകർക്ക് എത്രയും വേഗം ശുചിമുറി നിർമിക്കണമെന്ന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവിൽ നടപടി തുടങ്ങി. സ്റ്റേഷനു പുറത്ത് ഇതിനായി സ്വകാര്യ കൺസ്ട്രക്‌ഷൻ കമ്പനി സ്ഥലം നോക്കി എസ്റ്റിമേറ്റ് തയാറാക്കിക്കഴിഞ്ഞതായും എത്രയും വേഗം പണി തുടങ്ങുമെന്നും കല്ലമ്പലം എസ്ഐ.നിജാം അറിയിച്ചു. മൂന്നു മാസത്തിനകം ശുചിമുറി നിർമിച്ച് റിപ്പോർട്ട് നൽകണമെന്നാണ് കമ്മിഷൻ ആവശ്യപ്പെട്ടിട്ടുള്ളത്.

രണ്ടുമാസം മുൻപ് കേസ് സംബന്ധമായ ആവശ്യത്തിന് നാവായിക്കുളം പഞ്ചായത്തിലെ 14–ാം വാർഡ് അംഗം എൻ.മുഹമ്മദ് സിയാദ്   കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. മണിക്കൂറുകളോളം സ്റ്റേഷനിൽ ചെലഴിക്കേണ്ടി വന്ന സിയാദ്  സ്റ്റേഷനിൽ ശുചിമുറിക്കായി ഓടുന്ന ആളുകളെ കണ്ടു. സത്രീകളും വയോധികരുമുൾപ്പടെ ബുദ്ധിമുട്ടുന്നതായി കണ്ട അദ്ദേഹം മനുഷ്യാവകാശ കമ്മിഷന് പരാതി നൽകുകയായിരുന്നു. തുടർന്നാണ് എത്രയും വേഗം ശുചിമുറി നിർമിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിറക്കിയത്.