നാട്ടുകാരുടെ പ്രിയപ്പെട്ട കായിക്കര കരുമൻ യാത്രയായി

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് കായിക്കര സ്വദേശികളുടെ പ്രിയപ്പെട്ട ശശികുമാർ ( 65 ) എന്ന കരുമൻ യാത്രയായി. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ കായിക്കര പോളക്കൽ ലക്ഷംവീട് കോളനിയിൽ ആയിരുന്നു ശശികുമാർ എന്ന കരുമന്റെ ജനനം. നിർധന കുടുംബത്തിൽ ജനിച്ച അദ്ദേഹം ചെറുപ്പകാലം മുതൽ പ്രദേശവാസികളുടെ എല്ലാമായിരുന്നു കരുമൻ.

അദ്ദേഹം വിവാഹത്തിന് ശേഷം കുടുംബ പ്രാരാബ്ധങ്ങളുടെ ഭാഗമായി കുറച്ചു കാലം കണ്ണൂരിൽ നിർമ്മാണ തൊഴിലാളിയായി ജോലി നോക്കിയിരുന്നു. എന്നാൽ കണ്ണൂരിൽ നിന്ന് തിരിച്ചെത്തിയപ്പോൾ നാട്ടുകാർ അദ്ദേഹത്തെ കണ്ണൂർ കരുമൻ എന്നും വിളിപ്പേര് നൽകി. എന്നാൽ അത് അദ്ദേഹത്തെ കളിയാക്കിയുള്ള ഒരു വിശേഷണമായിരുന്നു, കാരണം അദ്ദേഹം കണ്ണൂരിൽ നിന്ന് തിരികെ എത്തുമ്പോൾ അദ്ദേഹത്തിന്റെ കുടുംബം ആകെ തകർന്നിരുന്നു. ഭാര്യ അദ്ദേഹത്തെ ഉപേക്ഷിച്ചു പോയിരുന്നു.

നാട്ടിൽ എത്തിയ അദ്ദേഹം മേസ്തിരി ജോലി നോക്കിയിരുന്നു. കുടുംബം നഷ്ടമായതോടെ പതിയെ അദ്ദേഹം മദ്യത്തിന് അടിമപ്പെട്ടു.

അഞ്ചുതെങ്ങിലെ പഴയകാല പല നിർമ്മാണ പ്രവർത്തികളിലും അദ്ദേഹം പങ്ക് വഹിച്ചിട്ടുണ്ട്. മാത്രമല്ല, ജോലി കഴിഞ്ഞ് എത്തിയാൽ വിവിധ ആവിശ്യങ്ങളുമായി എത്തുന്ന പ്രദേശവാസികൾക്ക് തന്നാൽ കഴിയുന്ന എന്ത് സഹായവും ചെയ്യുന്ന പ്രകൃതമായിരുന്നു കരുമന്.

നാടിനും നാട്ടുകാർക്കും ഏത് സമയത്തിനും എന്തിനും അദ്ദേഹം മുന്നിൽ ഉണ്ടാവും. തെരുവുനായ്ക്കൾ വിഹരിക്കുന്ന വിജനപാതയിൽ മറ്റാർക്കും പ്രവേശനമില്ലെങ്കിൽ പോലും അതുവഴി കവിതകളും പാട്ടും മൂളി വരുന്ന കരുമന്റെ ശബ്ദം കേട്ടാൽ നായ്ക്കൾ കുരയ്ക്കുകപോലും ചെയ്യാതെ അദ്ദേഹത്തെ അനുഗമിക്കുന്ന കാഴ്ച പ്രാദേശവാസികൾ ഇപ്പോഴും ആശ്ചര്യത്തോടെ പങ്കുവെക്കുന്നു.

പ്രദേശത്തെ എല്ലാ വീടുകയിലും എപ്പോൾ വേണമെങ്കിലും കടന്നു ചെല്ലാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു. എന്നാൽ നാളിതുവരെയും അദ്ദേഹം തന്നെ സഹായിക്കണം എന്ന അഭ്യര്ത്ഥനയുമായി ആരെയും സമീപിച്ചിരുന്നില്ല. സ്നേഹത്തോടെ ആളുകൾ നൽകുന്നതെല്ലാം അദ്ദേഹം സ്വീകരിക്കുകയും ചെയ്യും.

കുരുന്നുകളുടെ പേടി സ്വാപനമായിരുന്നു അദ്ദേഹം എന്നതും ഒരു വിചിത്രമായ സത്യമാണ്.
“ചോറ് കഴിച്ചില്ലേ കരുമൻ വരും ” എന്നത് ഇന്നും പ്രദേശത്തെ കുഞ്ഞുങ്ങൾക്ക് പേടിപ്പെടുത്തുന്ന ഒരു വാചകമാണ്. എന്നാൽ കുഞ്ഞുങ്ങളോട് വളരെ സ്നേഹവും കിട്ടുന്ന വരുമാനത്തിൽ നിന്നു അവർക്ക് കളിക്കോപ്പുകളും മിഠായിയും മറ്റും വാങ്ങി നൽകുന്ന ശീലവും കരുമന് ഉണ്ടായിരുന്നു.

ജീവിതം വഴിമുട്ടിയ സാഹചര്യത്തിലും അദ്ദേഹം തളർന്നില്ല,നാട്ടുകാരായിരുന്നു അദ്ദേഹത്തിന് എല്ലാം.. 8 വർഷങ്ങൾക്ക് മുൻപ് കാലിനു മുകളിൽ തീയോ ആസിഡോ വീണ് എല്ലു വരെ പുറത്ത് കാണുന്ന രീതിയിൽ പൊള്ളിയത് മരണം വരെയും ഉണങ്ങിയില്ല, കൂടാതെ അതും തുണി വെച്ച് കെട്ടിയാണ് അദ്ദേഹം ഈ കാലം മൊത്തം നടന്നത്. കരുമന്റെ മരണം അഞ്ചുതെങ്ങ് കായിക്കര സ്വദേശികൾക്ക് ഒരു തീരാ നഷ്ടം തന്നെയാണെന്ന് പറയുന്നു.