കെൽട്രോണിന്റെ ടിവി അസംബ്ലി യൂണിറ്റ് കംപ്യൂട്ടർ പഠനകേന്ദ്രമായി മാറുന്നു

ചിറയിൻകീഴ്: കെൽട്രോണിൻ്റെ ടി.വി അസംബ്ലി യൂണിറ്റ് കമ്പ്യൂട്ടർ പഠന കേന്ദ്രമായി മാറുന്നു. മുടപുരം എസ്.എൻ.ജംഗ്‌ഷനിൽ പ്രവർത്തിക്കുന്ന കേരളാ സ്റ്റേറ്റ് റൂട്രോണിക്സിന്റെ കമ്പ്യൂട്ടർ പഠനകേന്ദ്രം ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ പതിനൊന്നിന് ഡെപ്യൂട്ടി സ്പീക്കർ വി ശശി നിർവ്വഹിക്കും. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ സുഭാഷ് അദ്ധ്യക്ഷനാകും.
1990ൽ മുൻ എം.എൽ.എയായ ആനത്തലവട്ടം ആനന്ദൻ (സി.പി.ഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം) മുൻകൈയെടുത്ത് ചിറയിൻകീഴ് ഇലക്ട്രോണിക്സ് വ്യവസായ വനിത സഹകരണ സംഘത്തിന് മുടപുരം എസ്.എൻ ജംഗ്ഷന് സമീപം 25 സെൻ്റ് ഭൂമി വാങ്ങുകയും അവിടെ വനിതകൾക്കായി കേരള സ്റ്റേറ്റ് റൂട്ടൽ വിമൻസ് ഇലക്ട്രോണിക്സ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ലിമിറ്റഡ് (കേരള സ്റ്റേറ്റ് റൂട്രോണിക്സ്)ൻ്റെ കീഴിൽ സംഘം പ്രവർത്തനമാരംഭിച്ചു. ഷെയർ പാർട്ടിസിപ്പേഷൻ ലോൺ ഉപയോഗിച്ച് ഖാദി ബോർഡിൻ്റെയും, ഫെഡറേഷൻ്റെയും സഹായത്തോടെ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. ഇവിടെ ആദ്യം ആരംഭിച്ചത് കെൽട്രോണിൻ്റെ ടി.വി അസംബ്ലി യൂണിറ്റായിരുന്നു. ദീർഘനാൾ യൂണിറ്റ് വിജയകരമായി പ്രവർത്തിച്ചു. ഇവിടെ തന്നെ കെൽട്രോണിൻ്റെ ടി.വി ഉൾപ്പെടെ അസംബ്ലി ചെയ്തിരുന്നു. എന്നാൽ കെൽട്രോണിൻ്റെ ബിസിനസ് പരാജയപ്പെട്ടപ്പോൾ ഒനിഡയുടെ കളർ ടി.വി ഇവിടെ വച്ച് അസംബ്ലി ചെയ് തുവന്നു. അതിൻ്റെ ടാക്സുമായി ബന്ധപ്പെട്ട് അത് നിർത്തിവയ്ക്കേണ്ടിവന്നു. ഇതേ തുടർന്നാണ് റൂട്രോണിക്സ് കമ്പ്യൂട്ടർ കോഴ്സുകൾ ആരംഭിക്കുന്നത്. എല്ലാ ജില്ലകളിലും റൂട്രോണിക്സിൻ്റെ കമ്പ്യൂട്ടർ പഠന കേന്ദ്രം സ്ഥാപിക്കുന്നുണ്ട്. നൂറു ശതമാനവും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് സൗജന്യമായിരിക്കും. മറ്റ് വിദ്യാർത്ഥികൾക്ക് നാൽപ്പത് ശതമാനം ഇളവും ലഭിക്കും. വനിതകൾക്കു പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ സംരംഭത്തിന് തുടക്കമിടുന്നത്. കമ്പ്യൂട്ടർ തൊഴിൽ രംഗത്ത് 24 ഓളം അംഗീകൃത കോഴ്സ് ആരംഭിക്കുന്നതിനായാണ് ഇപ്പോൾ ഡെപ്യൂട്ടി സ്
പീക്കറുടെ ഫണ്ടിൽ നിന്നും ആറു ലക്ഷം രൂപ വിനിയോഗിച്ച് കമ്പ്യൂട്ടർ സിസ്റ്റം അനുവദിച്ചാണ് പ്രവർത്തനമാരംഭിക്കുന്നത്.