കിഴുവിലം തൊഴിൽസേനാ ഓഫീസിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം

ചിറയിൻകീഴ് : കിഴുവിലം പഞ്ചായത്ത് ഓപ്പൺ എയർ ഓഡിറ്റോറിയത്തിലെ റൂമുകളിൽ പ്രവർത്തിക്കുന്ന കിഴുവിലം തൊഴിൽസേന ഓഫീസ് സാമൂഹ്യ വിരുദ്ധർ അടിച്ചുതകർത്തു. ഞായറാഴ്ച രാത്രിയിലാണ് സംഭവം. തൊഴിൽസേനയുടെ ഫയലുകൾ, ഓഫീസിലെ ജനാലകൾ, അലമാര തുടങ്ങിയവ അടിച്ചു നശിപ്പിച്ചു. ഓഫീസിൽ സൂക്ഷിച്ചിരുന്ന തൊഴിൽ ഉപകരണങ്ങൾ മോഷണം പോയി.

രണ്ട് മാസം മുൻപ് ഓഫീസിലെ ജനാലകളും അടിച്ചുതകർത്തിരുന്നു. മുൻ കിഴുവിലം പഞ്ചായത്ത് പ്രസിഡൻ്റും, തൊഴിൽസേന പ്രസിഡൻ്റുമായ വി എസ് കണ്ണൻ അന്നും ചിറയിൻകീഴ് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് വി എസ് കണ്ണൻ പറഞ്ഞു. രാത്രികാലങ്ങളിൽ പഞ്ചായത്താഫീസ് പരിസരത്ത് സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാണ്. ഞായറാഴ്ച നടത്തിയ അക്രമത്തിൽ പഞ്ചായത്തിലെ ഭൂരിഭാഗം ജനാലകളും അടിച്ചുതകർത്തു. സാമൂഹ്യ വിരുദ്ധർ കഞ്ചാവ് കൈവശം വച്ചിരിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്നതായി നാട്ടുകാർ പറയുന്നു. എത്രയും പെട്ടെന്ന് സാമൂഹ്യ വിരുദ്ധരെ പോലീസ് പിടികൂടണമെന്ന് വി എസ് കണ്ണൻ പറഞ്ഞു.