കൊടുവഴന്നൂർ സ്കൂളിലെ കുട്ടികൾ സ്വയം നിർമ്മിച്ച എൽ.ഇ.ഡി ബൾബുകളുമായി വീട്ടിലേക്ക്

കൊടുവഴന്നൂർ : കൊടുവഴന്നൂർ സ്കൂൾ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് സ്വയം നിർമ്മിച്ച എൽ.ഇ.ഡി ബൾബുകളുമായി പ്രൈമറി ക്ലാസിലെ വിദ്യാർത്ഥികൾ വീട്ടിലേക്ക്. കഴിഞ്ഞ ദിവസം എനർജി കൺസർവേഷൻ അവാർഡ് ജേതാവ് മധു കൃഷ്ണനാണ് പ്രൈമറി തലത്തിലെ തിരഞ്ഞെടുത്ത 35 കുട്ടികൾക്ക് പരിശീലനം നൽകിയത്. സ്കൂൾ ടാലന്റ് ലാബിലെയും സയൻസ് ക്ലബിലെയും വിദ്യാർത്ഥികൾക്കായുള്ള എൽ.ഇ.ഡി ലാമ്പുകൾ നിർമ്മാണവും ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടന്നു. പരിശീലനത്തിൽ പങ്കെടുത്ത പ്രൈമറി തലത്തിലെ വിദ്യാർത്ഥികൾ സ്വയം എൽ.ഇ.ഡി ബൾബുകൾ നിർമ്മിച്ചത് നാട്ടുകാർക്കും കൗതുകമായി. ഗ്രാമത്തിൽ എൽ.ഇ.ഡി ബൾബുകൾ പ്രചരിപ്പിക്കുന്നതിനുള്ള തുടക്കം എന്ന നിലയിലാണ് എനർജി കൺസർവേഷൻ സെന്റർ കേരളയുമായി സഹകരിച്ച് ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കൂടി പരിശീലനം നല്കിയത്. കുട്ടികൾ വരച്ച പരിസ്ഥിതി ചിത്രങ്ങളും പി.ടി.എ അംഗം കെ.പി. സുരേന്ദ്രൻ വരച്ച ശാസ്ത്രകാരന്മാരുടെ ചിത്രങ്ങളും ശാസ്ത്രോത്സവത്തിൽ പ്രദർശിപ്പിച്ചു. സമാപനദിവസമായ ഇന്ന് മുതിർന്ന കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും സമീപ വാർഡുകളിലെ കുടുംബശ്രീയംഗങ്ങൾക്കും പരിശീലനവും പരിസ്ഥിതി അവബോധ ക്ലാസും ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കും.