നന്ദാവനം ഭൂമിയിൽ ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കില്ലെന്ന് എംഎൽഎ

വർക്കല: വർക്കല നന്ദാവനം ഭൂമിയിൽ ലൈഫ് മിഷൻ ഫ്ളാറ്റ് സമുച്ചയം നിർമിക്കുന്നില്ലെന്ന് എംഎൽഎ അഡ്വ വി ജോയ് പറഞ്ഞു. നന്ദാവനം ഭൂമി വിഷയത്തിൽ സി.പി.എം. വർക്കല നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആൽത്തറമൂട് ജങ്‌ഷനിൽ സംഘടിപ്പിച്ച വിശദീകരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂമി റവന്യൂ അധികൃതർ ലൈഫ് മിഷനുവേണ്ടി പരിശോധിച്ചിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച് ദേവസ്വം ബോർഡും റവന്യൂ വകുപ്പും തമ്മിലുള്ള തർക്കത്തെക്കുറിച്ച് പരിശോധിച്ച് വരികയാണ്. ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന വ്യാജ പ്രചാരണങ്ങൾ തള്ളിക്കളയണമെന്നും എം.എൽ.എ. പറഞ്ഞു.

സി.പി.എം. ഏരിയാ കമ്മിറ്റിയംഗം വിശ്വൻ അധ്യക്ഷനായി. വർക്കല നഗരസഭാ ചെയർപേഴ്സൻ ബിന്ദു ഹരിദാസ്, മുൻ ചെയർമാൻ ബിജു കെ.ആർ., ശരീന്ദ്രൻ, സുനിൽകുമാർ, നിതിൻ നായർ എന്നിവർ സംസാരിച്ചു.