വീട്ടിൽ അതിക്രമിച്ചു കയറി അക്രമം : ഒളിവിൽ പോയ പ്രതികളെ പോലീസ് പിടികൂടി

നെടുമങ്ങാട് : കരകുളം സ്വദേശി ഹരീഷിന്റെ വീട്ടിൽ ഇക്കഴിഞ്ഞ ഒക്ടോബർ 20ന് രാത്രി അതിക്രമിച്ചു കയറി ഹരീഷിന്റെ മാതാവിന്റെ കഴുത്തിൽ വാൾ വച്ചു ഭീഷണിപ്പെടുത്തുകയും ടിവിയും വീട്ടുപകരണങ്ങളും ജനാല ഗ്ലാസും അടിച്ചു തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. കരകുളം എണ്ണശ്ശേരി മേലേപുത്തൻ വീട് നന്ദു ഭവനിൽ ജി.അനന്ദു (22),കരകുളം ആറാംകല്ല് വടക്കേവിള ഉജ ഭവനിൽ യു.ഉമേഷ് കുമാർ (33) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമം നടക്കുന്ന സമയത്ത് ഹരീഷ് വീട്ടിലില്ലായിരുന്നു. രാത്രി 9.30 യോടെയായിരുന്നു അക്രമം.പ്രതികൾ കഞ്ചാവ് വിൽപന നടത്തുന്ന വിവരം പുറത്തു പറഞ്ഞതിലുള്ള വിരോധമാണ് വീടുകയറി അക്രമത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.

ഒളിവിൽപോയ പ്രതികളെ നെടുമങ്ങാട് സിഐ വി.രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ സുനിൽഗോപി, ശ്രീകുമാർ, എഎസ്ഐ ഷിഹാബുദ്ദീൻ, പൊലീസുകാരായ അജിത്കുമാർ, രാജേഷ് കുമാർ, സനൽരാജ് എന്നിവർ ചേർന്നാണ് അന്വേഷിച്ച് കണ്ടെത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ കോടതി റിമാൻഡ് ചെയ്തു.